Your Image Description Your Image Description

മുംബൈ : മുംബൈയിൽ തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ സബ്‌വേകളും റോഡുകളും വെള്ളത്തിനടയിലായി .അതേസമയം മണ്ണിടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് ഒരാൾ മണ്ണിടിഞ്ഞ് വീണ് മരിച്ചത്. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് ഇതിന് മുമ്പ് 70-കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

നാലാംദിവസവും പെയ്യുന്ന മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. തുടർന്ന് അന്ധേരി സബ്‌വേ അടച്ചിട്ടതോടെ ഗതാഗതം താറുമാറായി. ബുധനാഴ്ചവരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലർട്ടും, പാൽഘറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മഴവെള്ളപ്പാച്ചിലിൽ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ കുടുങ്ങിയ 20 പേരെ മനുഷ്യചങ്ങല രൂപപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ തുൾസി അണക്കെട്ട് കരകവിഞ്ഞ് ഒഴുകി.

മഴ കനത്തതോടെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് മുംബൈ പൊലീസിന്റെ നിർദ്ദേശം. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 100-ലേക്കുവിളിക്കാൻ മുംബൈ പൊലീസും ജനങ്ങൾക്ക് നിർദേശം നൽകി.

വിമാന സർവീസുകളും തടസപ്പെട്ടു. 2024 ജൂലൈ 21-ന് ബുക്ക് ചെയ്ത യാത്രയുടെ മുഴുവൻ റീഫണ്ടും അല്ലെങ്കിൽ ഒറ്റത്തവണ കോംപ്ലിമെൻ്ററി റീഷെഡ്യൂളിംഗും എയർ ഇന്ത്യ വാഗ്‌ദാനം ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥ മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് വിസ്താരയും എക്‌സിൽ കുറിച്ചു. സാധ്യമായ കാലതാമസമോ തടസങ്ങളോ കണക്കിലെടുത്ത് യാത്രക്കാർക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്ന് എയർലൈൻ ശുപാർശ ചെയ്തു.

ഇതേതുടർന്ന് പശ്ചിമ, മധ്യറെയിൽവേകളിൽ സർബൻ ട്രെയിനുകൾ പ്രവർത്തനo ആരംഭിച്ചു .അതേസമയം വെള്ളക്കെട്ട് കാരണം മാൻഖുർദ്, പൻവേൽ, കുർള സ്റ്റേഷനുകൾക്ക് സമീപം സർവീസുകൾ വൈകിയാണ് ഓടുന്നത്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *