Your Image Description Your Image Description

ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി) ഫലം 22നു പ്രസിദ്ധീകരിച്ചേക്കും. പരാതി ഉന്നയിച്ച ആയിരത്തോളം വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ 19നാണു നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ രീതിയിലുള്ള പരീക്ഷയ്ക്കു ശേഷം അധികം വൈകാതെ ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നൽകുന്ന വിവരം.

മേയ് 15 മുതൽ 24 വരെ നടന്ന പരീക്ഷയുടെ ഫലം ജൂൺ 30നു പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ, എൻടിഎയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ വൈകി. ഈ മാസം 10നു ഫലമെത്തുമെന്ന് അറിയിച്ചെങ്കിലും പുനഃപരീക്ഷയുടെ സാഹചര്യത്തിൽ ഇതും നീണ്ടു.

വിദ്യാർഥികളുടെ പരാതി ശരിയെന്നു ബോധ്യപ്പെട്ടതോടെയാണ് ഇവർക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇതിൽ 250 ലേറെ വിദ്യാർഥികൾ ജാർഖണ്ഡ് ഹസാരിബാഗ് ഒയാസിസ് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയവരാണ്. നീറ്റ്–യുജി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നുവെന്നു കണ്ടെത്തിയത് ഈ സെന്ററിൽ നിന്നാണ്. ഓൺലൈൻ രീക്ഷയുടെ പ്രൊവിഷനൽ ഉത്തരസൂചിക തൊട്ടടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെ പ്രതികരണം തേടിയ ശേഷം 22ന് അന്തിമ ഫലം പുറത്തുവിടാനാകുമെന്നും കരുതുന്നു.

അതേസമയം, സിയുഇടി–യുജി പരീക്ഷയുടെ ഫലം വൈകുന്നതു ഡിയു ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലക്ഷ്യമിടുന്ന ഒട്ടേറെ വിദ്യാർഥികളെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ, സംസ്ഥാന സർവകലാശാലകളിൽ ഒന്നാം വർഷ ക്ലാസ് ആരംഭിച്ചു കഴിഞ്ഞു. ഡിയുവിലാകട്ടെ നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് 16നു ശേഷമേ ഒന്നാം വർഷ ബിരുദ ക്ലാസ് ആരംഭിക്കാൻ സാധിക്കുവെന്നാണ് വിവരം. ഹൈദരാബാദ്, പോണ്ടിച്ചേരി കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ 261 സ്ഥാപനങ്ങൾ സിയുഇടി–യുജിയുടെ അടിസ്ഥാനത്തിലാണ് ബിരുദ പ്രവേശനം നടത്തുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *