Your Image Description Your Image Description

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷമാവുമ്പോഴും നീതി കിട്ടാതെ അലയുകയാണ് കുടുംബം. കേസിൽ പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയൽ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസിൽ സമീപവാസിയായ അർജുനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ഡിസംബർ പതിനാലിന് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി വിധി പറഞ്ഞു. അർജുനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയിൽ പൊലീസിൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ വിചാരണക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സർക്കാരിൻ്റെ ആവശ്യപ്രകാരം മൂന്ന് അഭിഭാഷകരുടെ പേര് കുടുംബം സർക്കാരിന് സമർപ്പിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. വാളയാർ കേസിൽ കോടതിയിൽ ഹാജരായ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയിരിക്കുന്നത്.

ഇതിനിടെ കുറ്റ വിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ഇവരെ വിഷമത്തിലാക്കിയിട്ടുണ്ട്. പൊലീസിൻ്റെ വീഴ്ച മൂലമാണ് വിചാരണ കോടതിയിൽ പ്രതി രക്ഷപ്പെട്ടതെന്ന് ഹൈക്കോടതിയിൽ തെളിയിക്കാൻ കഴിയുമെന്നാണ് കുടുംബത്തിൻ്റെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *