Your Image Description Your Image Description

ആലപ്പുഴ: മർച്ചന്‍റ് നേവിയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ പട്ടണക്കാട് പാറയിൽ വാർഡിൽ പുതുപ്പറമ്പത്ത് വെളിവീട്ടിൽ ജിത്തു സേവിയറെ(30)യാണ് പുന്നപ്ര പൊലീസ് പിടികൂടിയത്. മർച്ചന്റ് നേവിയിൽ മാസം 50,000 രൂപ ശമ്പളം ലഭിക്കുന്ന സ്ഥിര ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയായ സെഫിനിൽനിന്നും കഴിഞ്ഞ ജനുവരി, ഫെബ്രുവരി കാലയളവിൽ വ്യാജ ഓഫർ ലെറ്റർ നൽകി 8 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്.

ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ച പ്രതി കൂട്ടുപ്രതികളുടെ സഹായത്തോടുകൂടി വ്യാജ വെബ്സൈറ്റ് ഉണ്ടാക്കുകയും അതിൽ തങ്ങളുടെ തന്നെ മൊബൈൽ നമ്പർ പ്രദർശിപ്പിച്ച് ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് ടിക്കറ്റ് കാഷ്, ഡോക്കുമെന്റേഷൻ ചാർജ്, മെഡിക്കൽ ചാർജ്, എമിഗ്രേഷൻ ചാർജ് എന്നിവ പറഞ്ഞു വലിയ തുക ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടു ക്കുകയുമാണ് ചെയ്തിരുന്നത്. തുടർന്ന് കൂട്ടരുമൊത്ത് വ്യാജ ഓഫർ ലെറ്റർ ഉണ്ടാക്കുകയും അത് ഇരയാക്കപ്പെടുന്നവർക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

മുംബൈ മീരാ റോഡിൽ താമസിച്ചിരുന്ന പ്രതി പണത്തിനു ബുദ്ധിമുട്ട് വന്ന് തിരികെ കേരളത്തിലേക്ക് കടന്നപ്പോഴാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പ്രതിക്കെതിരെ എറണാകുളം പള്ളുരുത്തി, എറണാകുളം സെൻട്രൽ, കോഴിക്കോട് ഫറോക്ക്, കോഴിക്കോട് മെഡിക്കൽ കോളജ്, മഞ്ചേരി, പുൽപ്പള്ളി വയനാട്, വീയപുരം, തൂത്തുക്കുടി എന്നീ സ്റ്റേഷനുകളിൽ പരാതികളും കേസുകളും ഉള്ളതായി അറിയുന്നു. അമ്പലപ്പുഴ ഡിവൈ. എസ്. പി കെ. ജി. അനീഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്. ഐ ആനന്ദ് വി. എൽ, വിനിൽ എം. കെ, അനു സാലസ്, സേവ്യർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *