ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റര്‍ റിങ്കു സിങ്. താൻ ഒരു ഫോര്‍മാറ്റില്‍ മാത്രം തിളങ്ങുന്ന താരമാണെന്ന ധാരണ നിലനിൽക്കുന്നുണ്ടെന്നും, എന്നാൽ മൂന്ന് ഫോർമാറ്റിലും മികവ് കാട്ടാൻ തനിക്ക് സാധിക്കുമെന്നും റിങ്കു പറഞ്ഞു.
“ഞാൻ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ എന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ അത് തെറ്റാണെന്ന് മനസ്സിലാകും. ആഭ്യന്തര തലത്തിൽ മൂന്ന് ഫോർമാറ്റിലും ഞാൻ കളിക്കുന്നുണ്ട്. വെള്ളക്കുപ്പായത്തിൽ ഇന്ത്യക്കായി പന്തടിക്കുക എന്നത് വലിയ ആഗ്രഹമാണ്” – റിങ്കു വ്യക്തമാക്കി. ഉത്തർപ്രദേശിനായി 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള റിങ്കുവിന് 58.70 എന്ന മികച്ച ശരാശരിയിൽ 3,757 റൺസുണ്ട്. ഇതിൽ 9 സെഞ്ചുറികളും 23 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.
ടെസ്റ്റ് മോഹത്തിനൊപ്പം, സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും 2027 ഏകദിന ലോകകപ്പ് കിരീടം ഉയർത്തുന്നത് കാണാനുള്ള ആഗ്രഹവും റിങ്കു പങ്കുവെച്ചു. ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഇരുവരുടെയും അവസാന ലോകകപ്പായേക്കാവുന്ന 2027-ൽ ഇന്ത്യ കിരീടം തിരിച്ചുപിടിക്കുന്നത് കാണാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണെന്ന് റിങ്കു കൂട്ടിച്ചേർത്തു.
