ഉത്തർപ്രദേശിലെ യമുനാ എക്സ്പ്രസ് വേയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സ്ലീപ്പർ ബസ് ദുരന്തത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് യാത്രക്കാർ പരാതിപ്പെട്ടിട്ടും ജീവനക്കാർ ഇത് വകവെച്ചില്ലെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിലിരുന്ന് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്ത യാത്രക്കാരെ ഇവർ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു.
ബസിൽ പുക നിറഞ്ഞതോടെ യാത്രക്കാർ ബഹളം വെച്ചപ്പോൾ “നിങ്ങൾ ചത്താലും എനിക്ക് പ്രശ്നമില്ല, ബസ് നിർത്താൻ പോകുന്നില്ല” എന്ന് ഡ്രൈവർ പറഞ്ഞതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ‘രാജ് കൽപന ട്രാവൽസ്’ എന്ന സ്വകാര്യ സ്ലീപ്പർ ബസാണ് സെപ്റ്റംബർ 23 ബുധനാഴ്ച രാത്രി 11:30 ഓടെ കത്തിയമർന്നത്. എ.സി പൊട്ടിത്തെറിച്ചതിനെ തുടർന്ന് എഞ്ചിൻ ഓയിലിലേക്ക് തീ പടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
35 യാത്രക്കാരുണ്ടായിരുന്ന ബസിൽ പെട്ടെന്ന് തീ പടർന്നതോടെ പലർക്കും പുറത്തിറങ്ങാനായില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, അപകടത്തിൽപെട്ട ബസിന് നിയമലംഘനങ്ങളുടെ പേരിൽ 60-ലധികം തവണ പിഴ ചുമത്തിയിട്ടുണ്ടെന്നും 1.7 ലക്ഷത്തോളം രൂപ ഇനിയും അടയ്ക്കാനുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
