ജോലിയും കുടുംബജീവിതവും കൂടുതൽ സുഗമമാക്കുന്നതിനായി ജീവനക്കാർക്ക് കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കാൻ ഒരുങ്ങി യുഎഇ സർക്കാർ. അബുദാബിയിൽ നടന്ന അഞ്ചാമത് ലേബർ മാർക്കറ്റ് കോഓർഡിനേഷൻ കൗൺസിൽ യോഗത്തിലാണ് ജീവനക്കാരുടെ തൊഴിൽ സമയം കൂടുതൽ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശങ്ങൾ ചർച്ച ചെയ്തത്. രാജ്യത്ത് നടപ്പിലാക്കുന്ന കുടുംബ വർഷാചരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ പുതിയ മാതൃകാ പദ്ധതികൾ അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഫ്ലെക്സിബിൾ ജോലി സമയം തിരഞ്ഞെടുക്കാനും, ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും പുതിയ പദ്ധതിയിലൂടെ ജീവനക്കാർക്ക് അവസരം ലഭിക്കും. കൂടാതെ, ചെറിയ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാനും തിരികെ കൂട്ടാനും, സ്കൂൾ മീറ്റിംഗുകളിൽ പങ്കെടുക്കാനും സാധിക്കുന്ന രീതിയിൽ ജോലി സമയങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും സൗകര്യമൊരുങ്ങും. സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ കുടുംബ സൗഹൃദപരമായ അന്തരീക്ഷം ഉറപ്പാക്കാനാണ് ഈ നീക്കമെന്നും, സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം തൊഴിലുടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ പരിഗണിച്ച് നയങ്ങൾ നടപ്പിലാക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ വ്യക്തമാക്കി.
