
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. 17 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ഓടെ സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ റോഡിലാണ് രണ്ട് ട്രക്കുകളും യാത്രാബസും ഉള്‍പ്പെട്ട അപകടം നടന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ആദ്യം രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, തൊട്ടുപിന്നാലെ 26 യാത്രക്കാരുമായി എത്തിയ ബസ് അപകടത്തില്‍പ്പെട്ട ട്രക്കുകളിലൊന്നിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ ഉടന്‍ തന്നെ റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങളോ അപകടത്തിന്റെ കൃത്യമായ കാരണമോ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
