
ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോയ കാലത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം. റിയാലിറ്റി ഷോയായ ബിഗ് ബോസ് എപ്പിസോഡിലാണ് താരം മനസ്സുതുറന്നത്. അന്ന് തനിക്ക് താങ്ങായി നിന്നതും ജീവിക്കാൻ പ്രേരണയായതും തന്റെ പിഞ്ചുമക്കളുടെ മുഖമാണെന്ന് മേരി കോം ഓർത്തെടുത്തു.
മറ്റ് മത്സരാർത്ഥികളായ ഇഷ, രിതി തിവാരി, ആംറാപലി ദുബെ, കനിക മൻ എന്നിവരുമായി സംസാരിക്കുമ്പോഴാണ് ബോക്സിങ് റിങ്ങിലെ കരുത്തുറ്റ താരം തന്റെ ഉള്ളിലെ നൊമ്പരങ്ങൾ പങ്കുവെച്ചത്. “ഞാൻ മാനസികമായി വളരെ ശക്തയായ വ്യക്തിയാണ്, പക്ഷേ ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല. ഞാൻ പാടെ തകർന്നുപോയി. ജീവിതം അവസാനിപ്പിക്കാൻ പോലും ആഗ്രഹിച്ചു. എന്നാൽ എന്റെ കുഞ്ഞുങ്ങളെ ഓർത്ത് മാത്രമാണ് ഞാൻ ആ ചിന്ത ഉപേക്ഷിച്ചത്. അന്ന് അവർ വളരെ ചെറുതായിരുന്നു. അക്കാലത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ കരച്ചിൽ വന്നാൽ പോലും ഞാൻ പുറത്തുകാണിക്കാറില്ല,” മേരി കോം പറഞ്ഞു.
ചെറുപ്പം മുതലേ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും പോരാട്ടം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും താരം കൂട്ടിച്ചേർത്തു. റിങ്ങിൽ കൂടുതൽ മെഡലുകൾ നേടണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ടെങ്കിലും പ്രായപരിധി കാരണം ഇനി മത്സരിക്കാൻ കഴിയില്ലെന്നും അവർ സങ്കടത്തോടെ വ്യക്തമാക്കി. ആറ് തവണ ലോക ചാമ്പ്യനും 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ വിജയിയുമാണ് മേരി കോം. 2005-ൽ വിവാഹിതരായ മേരി കോമും കരുങ് ഓൺലറും മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വേർപിരിഞ്ഞത്. നാല് മക്കളാണ് ഇവർക്കുള്ളത്.
