Home » Blog » kerala Max » കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ 5 വയസുകാരിയെ തെരുവുനായ കടിച്ചു
8

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 5 വയസുകാരിയെ തെരുവുനായ കടിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ മകളുടെ ചെവിയുടെ പിറകിലാണ് നായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ആശുപത്രി വളപ്പിൽ പൊടിപാറ ബിൽഡിങ്ങിനു സമീപമുള്ള ശുചിമുറിയുടെ എതിർവശത്തെ മരത്തിന്റെ ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു അഞ്ചുവയസുകാരി. അടുത്തുതന്നെ കൈക്കുഞ്ഞിനെയെടുത്ത് അമ്മ വിന്നു നിൽക്കുകയായിരുന്നു.

കുട്ടിയുടെ കാലിൽ ഉണ്ടായ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും കുഞ്ഞുങ്ങളും. തിരക്കു കുറഞ്ഞിട്ട് ഡോക്ടറെ കാണാം എന്നു കരുതിയാണ് അവർ പൊടിപാറ ബിൽഡിങ്ങിനു സമീപത്തേക്കു മാറിയത്. ഇതിനിടെ വിന്നു കയ്യിലിരുന്ന ലോട്ടറി വിൽക്കുകയായിരുന്നു. ഇതിനിടയിലാണ് നായയുടെ കടിയേറ്റത്. നായയെ കണ്ട് കുട്ടി പിടഞ്ഞ് എഴുന്നേൽക്കുന്നതിനിടെ നിലത്തേക്ക് വീഴുകയായിരുന്നു. ഈ സമയം ചാടിയെത്തിയ നായ കുട്ടിയുടെ ചെവിക്ക് പിറകിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പീഡിയാട്രിക് സർജറി വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. മുറിവ് ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ തുന്നലിടുമെന്നും അധികൃതർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *