Home » Blog » kerala Max » ” ‘വിജയിയുടെ മകൻ’ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്, അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, ഞാന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല ” – ജേസണ്‍
7

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രചാരണ പരിപാടികൾക്കിടയിൽ നൽകിയ അഭിമുഖം ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അച്ഛന്റെ ഉന്നതമായ രാഷ്ട്രീയ പദവിയും പ്രശസ്തിയും തന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പുറംലോകത്തെ വിവാദങ്ങളെ താൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം ഈ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. തന്റെ അച്ഛനെക്കുറിച്ച് പുറത്തുവരുന്ന ചർച്ചകളോടും രാഷ്ട്രീയ വിവാദങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് വളരെ പക്വമായ മറുപടിയാണ് ജേസൺ നൽകിയത്.

അത്തരം ചർച്ചകളിൽ നിന്നും വിവാദങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞുനിൽക്കാനാണ് താൻ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “അച്ഛൻ ഇപ്പോൾ നിൽക്കുന്ന സ്ഥാനം വളരെ വലുതാണ്. ആയതിനാൽതന്നെ കുടുംബത്തിന്റെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് ഒരു മകനെന്ന നിലയിൽ എന്റെ വലിയൊരു ഉത്തരവാദിത്തമാണ്. എന്റെ ഭാഗത്തുനിന്ന് മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ പെരുമാറ്റവും ഉണ്ടാകില്ലെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്” – ജേസൺ പറയുന്നു.

അച്ഛൻ ഇപ്പോൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനാൽ തന്റെ വ്യക്തിജീവിതത്തിന് ചില പരിമിതികളുണ്ടെന്നും മറ്റുള്ളവർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വലിയൊരു കുടുംബ പാരമ്പര്യത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ മാനസികമായി സമ്മർദ്ദം അനുഭവപ്പെടാറുണ്ടോ? എന്ന ചോദ്യത്തിന് ചിലപ്പോഴൊക്കെ അത്തരം തോന്നലുകൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് സമ്മതിക്കുന്നുണ്ട്.

വിജയിയുടെ മകൻ എന്ന മേൽവിലാസം ആളുകൾ എപ്പോഴും ഓർക്കുമെന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് അദ്ദേഹം സിനിമയിലേക്ക് ചുവടുവെക്കുന്നത്. “കുടുംബത്തിന്റെ പേര് എപ്പോഴുമൊപ്പമുണ്ടാകും. ഒപ്പം സമീപകാലത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ഞാൻ കാണുന്നുണ്ട്. അതേസമയം, ഞാൻ എന്റെ സ്വന്തം സിനിമ ചെയ്ത് ഇൻഡസ്ട്രിയിൽ എന്റേതായൊരു മേൽവിലാസം ഉണ്ടാക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്,” ജേസൺ പറയുന്നു. സിനിമ കാണാൻ കയറുന്ന ആളുകൾ ആദ്യം ‘ഇത് വിജയിയുടെ മകൻ സംവിധാനം ചെയ്ത ചിത്രമാണ്’ എന്ന് ചിന്തിച്ചേക്കാമെങ്കിലും ചിത്രം തുടങ്ങി വെറും അഞ്ച് മിനിറ്റ് കഴിയുമ്പോൾ പ്രേക്ഷകർ ആ മുൻവിധികളെല്ലാം മറന്ന് അതിനെ വെറുമൊരു സിനിമയായി മാത്രം ആസ്വദിക്കുമെന്നാണ് ജേസന്റെ ആത്മവിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *