
ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുന്ന ‘രാമായണ: പാർട്ട് വൺ – റൈസ് ഓഫ് എ ലെജൻഡ്’ സിനിമയിൽ പ്രേക്ഷക പ്രശംസ നേടി രാവണനും ജടായുവും തമ്മിലുള്ള ക്ലൈമാക്സ് പോരാട്ട രംഗം. ഹോളിവുഡ് നിലവാരത്തിൽ ചിത്രീകരിച്ച ഈ രംഗത്തെക്കുറിച്ച് സംവിധായകൻ നിതീഷ് തിവാരിയും നടൻ രൺബീർ കപൂറും പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രാവണനും ജടായുവും തമ്മിലുള്ള പോരാട്ടവും പുഷ്പകവിമാനത്തിന്റെ രംഗങ്ങളും തിയേറ്ററിൽ വൻ കാഴ്ചാനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ചിത്രത്തിലെ ഈ പ്രത്യേക രംഗം തയ്യാറാക്കാൻ ആറര വർഷത്തോളം സമയം വേണ്ടിവന്നുവെന്ന് സംവിധായകൻ നിതീഷ് തിവാരി വെളിപ്പെടുത്തി. എന്നാൽ ഇത്രയധികം അധ്വാനിച്ചിട്ടും ഇതിന്റെ ചില ഭാഗങ്ങൾ എ.ഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ആളുകൾ പറയുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്ന് രൺബീർ കപൂർ പറഞ്ഞു. ആറര വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ഇത്രയും മികച്ച രീതിയിൽ ഫൈറ്റ് സീക്വൻസ് ദൃശ്യവൽക്കരിക്കാൻ സാധിച്ചതെന്നും ഇരുവരും വ്യക്തമാക്കുന്നു.
നമിത് മൽഹോത്ര നിർമ്മിച്ച്, ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ രാമായണ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 500 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. രാവണനായി യഷും രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തിയ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
