Home » Blog » Kerala » കുട്ടികളുടെ യാത്രാസുരക്ഷയ്ക്ക് മുൻഗണന; സൗദിയിൽ സ്കൂൾ ബസുകളുടെ പ്രവർത്തന കാലാവധി വെട്ടിച്ചുരുക്കി!
SCHOOL-BUS-680x450

സൗദി അറേബ്യയിൽ സ്കൂൾ ബസുകളുടെ പ്രവർത്തന കാലാവധിയിൽ നിർണ്ണായക പരിഷ്കരണങ്ങളുമായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. സ്കൂൾ വാഹനങ്ങളുടെ സാധാരണ പരമാവധി പ്രവർത്തന കാലാവധി നിർമ്മാണ വർഷം മുതൽ 12 വർഷം എന്നത് 10 വർഷമായി കുറച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂൾ ബസുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായാണ് അതോറിറ്റിയുടെ ഈ പുതിയ നീക്കം. ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറ’യിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

നിയമപരമായി സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കുന്ന ബസുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഇളവുകൾ അനുവദിക്കും. 15-ൽ കൂടുതൽ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വലിയ ബസുകൾക്ക് നിബന്ധനകളോടെ പരമാവധി 15 വർഷം വരെയും, 15-ൽ താഴെ ആളുകളെ വഹിക്കുന്ന ചെറിയ ബസുകൾക്ക് പരമാവധി 12 വർഷം വരെയും സർവീസ് നടത്താം. 10 വർഷം പൂർത്തിയാക്കിയ ബസുകൾക്ക് പ്രവർത്തനാനുമതി ലഭിക്കാൻ ഓരോ ആറ് മാസം കൂടുമ്പോഴും നിർബന്ധിത സാങ്കേതിക പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.

 

ഇത്തരത്തിൽ കാലാവധി നീട്ടിനൽകുന്ന ബസുകൾക്ക് ലൈസൻസ് അനുവദിച്ച നഗരപരിധിയിൽ മാത്രമായിരിക്കും സർവീസ് അനുമതി ലഭിക്കുക. ഇവയുടെ പെർമിറ്റ് കാലാവധി ആറ് മാസമായി ചുരുങ്ങുമെന്നും, പെർമിറ്റ് തീരുന്നതിന് 30 ദിവസം മുൻപ് പുതുക്കാനായി അപേക്ഷിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. സ്കൂൾ ഗതാഗത രംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരാൻ പുതിയ നിയമം ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *