
തൃശൂർ: മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽനിന്ന് പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയനെതിരായ കടന്നാക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇപ്പോൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കുമെന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞത്. ഇപ്പോൾ വൈദ്യുതി മന്ത്രിയുൾപ്പെടെ നാല് മന്ത്രിമാർ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രിമാരുടെ വിദേശയാത്ര. സ്പോൺസർമാരുടെ സഹായത്തോടെയാണ് മന്ത്രിമാർ വിദേശയാത്ര നടത്തുന്നതെങ്കിൽ അത് വലിയ അപകടമാണ്. മന്ത്രിമാർ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അഴിമതി നടത്താനുള്ള സന്ദേശമാണ് നൽകുന്നത്.” – എം.വി. ഗോവിന്ദൻ ആരോപിച്ചു.
മാധ്യമങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന നടപടികൾക്ക് സമാനമായ രീതിയാണ് കേരളത്തിൽമുഖ്യമന്ത്രി വി.ഡി. സതീശനും സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. പിണറായി വിജയനെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതുമായി ബന്ധപ്പെട്ടും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. താൻ ആരിൽനിന്നും ഒരു പണവും വാങ്ങിയിട്ടില്ലെന്നും ഡയറിയിൽ പേര് വന്നതുകൊണ്ട് മാത്രം ആരോപണം ശരിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
