Home » Blog » Kerala » ഒരു കോടിയിലേറെ രൂപയുടെ ആസ്തിയുള്ള എംഎൽഎമാർക്കും സർക്കാർ വക കാറോ? അനാവശ്യ ചെലവ് ; തമിഴ്നാട് സർക്കാർ തീരുമാനത്തിനെതിരെ വിമർശനം
12

ചെന്നൈ: സംസ്ഥാനത്തെ എം.എൽ.എമാർക്കെല്ലാം സർക്കാർ കാറും വാഹനബത്തയും അനുവദിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ശക്തമാകുന്നു. സംസ്ഥാനത്തെ എം.എൽ.എമാരിൽ ഭൂരിഭാഗവും കോടീശ്വരന്മാരാണെന്നും പലർക്കും ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ കാർ അനുവദിക്കുന്നത് അനാവശ്യ സാമ്പത്തിക ബാധ്യതയാണെന്നാണ് വിമർശനം.

കാറില്ലാത്തതിനാൽ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വി.സി.കെ. എം.എൽ.എ, എൽ.ഇ. ജോതിമണി പരാതിപ്പെട്ടതോടെയാണ് എല്ലാ എം.എൽ.എമാർക്കും സർക്കാർ കാർ അനുവദിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. എന്നാൽ, ആദ്യമായി നിയമസഭയിലെത്തിയ ചിലരെ മാറ്റിനിർത്തിയാൽ ഭൂരിഭാഗം എം.എൽ.എമാർക്കും സ്വന്തമായി വാഹനങ്ങളുണ്ടെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 233 എം.എൽ.എമാരിൽ 193 പേർക്കും ഒരു കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്.

കോൺഗ്രസ്, പി.എം.കെ, മുസ്‌ലിംലീഗ്, എ.എം.എം.കെ, ബി.ജെ.പി, ഡി.എം.ഡി.കെ എന്നിവയിലെ എല്ലാ എം.എൽ.എമാരും കോടീശ്വരന്മാരാണ്. ഡി.എം.കെയിലെ 97 ശതമാനം പേരും അണ്ണാ ഡി.എം.കെയിലെ 94 ശതമാനം പേരും ഒരു കോടിയിലേറെ ആസ്തിയുള്ളവരാണ്. ടി.വി.കെ.യിലെ 72 ശതമാനം എം.എൽ.എമാർക്കും ഒരു കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. എം.എൽ.എമാരിൽ 190 പേർക്കും സ്വന്തമായി കാറുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമേയാണ് സർക്കാർ കാർ അനുവദിക്കുന്നത്. സർക്കാർ വാഹനത്തിനൊപ്പം പ്രതിമാസം 75,000 രൂപ വാഹനബത്തയും സഹായിയെ നിയമിക്കുന്നതിന് 25,000 രൂപയും പുതുതായി അനുവദിച്ചിട്ടുണ്ട്. ഇതോടെ എം.എൽ.എമാർക്ക് പ്രതിമാസം 1.80 ലക്ഷം രൂപ ലഭിക്കും. ഇതിനുപുറമേ സംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകളിൽ എം.എൽ.എമാർക്ക് സൗജന്യ യാത്രാ സൗകര്യവും തീവണ്ടിയിൽ വർഷം 20,000 രൂപയുടെ സൗജന്യ യാത്രാ ആനുകൂല്യവും നിലവിലുണ്ട്.

സർക്കാർ കാർ ഡി.എം.കെ. എം.എൽ.എമാർക്ക് ആവശ്യമില്ലെന്ന് നിയമസഭാ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവ് ഒഴിവാക്കണമെന്നാണ് നിലപാട്. ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം പാർട്ടിയിലെ 59 എം.എൽ.എമാർക്കും സർക്കാർ കാർ വേണ്ടെന്ന് ഉദയനിധി അറിയിച്ചു. സാമ്പത്തികമായി ദുർബലരായ എം.എൽ.എമാർക്ക് മാത്രമായി വാഹന സൗകര്യം പരിമിതപ്പെടുത്തണമെന്നും ഇതുവഴി സർക്കാരിന്റെ അനാവശ്യ ചെലവ് കുറയ്ക്കാനാകുമെന്നും ഉദയനിധി പറഞ്ഞു.

എന്നാൽ, എല്ലാ എം.എൽ.എമാരും തുല്യരാണെന്ന നിലപാടിലാണ് എല്ലാവർക്കും സർക്കാർ വാഹനം അനുവദിച്ചതെന്ന് മന്ത്രി ആധവ് അർജുന പ്രതികരിച്ചു. കാർ ആഡംബരത്തിനായല്ലെന്നും ജനങ്ങൾക്കിടയിൽ എത്തിച്ചേരുന്നതിനുള്ള ആവശ്യകത പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ വീടുകളുള്ള ഉദയനിധി സ്റ്റാലിൻ എന്തിനാണ് സർക്കാർ ബംഗ്ലാവ് ആവശ്യപ്പെടുന്നതെന്നും മന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *