
കൊച്ചി : ആമസോൺ ഇന്ത്യയിലെ വിൽപ്പനക്കാരുടെ എണ്ണം 20 ലക്ഷം കടന്നു. 3 ലക്ഷത്തിലധികം പുതിയ വിൽപ്പനക്കാർ ആമസോൺ.ഇന്നിൽ ചേർന്നതോടെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. 1,000 രൂപയിൽ താഴെയുള്ള 12.5 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് സീറോ റഫറൽ ഫീസ് ഏർപ്പെടുത്തിയതും എ.ഐ. അധിഷ്ഠിത വിൽപ്പന ഉപകരണങ്ങളുടെ വർധിച്ച ഉപയോഗവുമാണ് വളർച്ചയ്ക്ക് പ്രധാന പിന്തുണയായത്.
സെല്ലർ അസിസ്റ്റന്റുമായുള്ള വിൽപ്പനക്കാരുടെ ഇടപെടലുകൾ വർഷംതോറും 7.5 മടങ്ങ് വർധിച്ചു. പരസ്യത്തിനായുള്ള എ.ഐ. ഉപകരണങ്ങളുടെ ഉപയോഗം 77 ശതമാനം ഉയർന്നപ്പോൾ, 2026ലെ ആദ്യ പാദത്തിൽ ചെറുകിട, ഇടത്തരം ബിസിനസുകൾ എ.ഐ. ഉപയോഗിച്ച് 62 ശതമാനം കൂടുതൽ പരസ്യ ക്രിയേറ്റീവുകൾ സൃഷ്ടിച്ചു. പ്രോഡക്ട് ഓപ്പർച്യൂണിറ്റി എക്സ്പ്ലോറർ, എ.ഐ. ലിസ്റ്റിങ് ടൂളുകൾ, സെയിൽ ഇവന്റ് പ്ലാനർ, സമൃദ്ധി തുടങ്ങിയ സംവിധാനങ്ങളും വിൽപ്പനക്കാർ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
ഉത്സവകാല വിൽപ്പനയ്ക്ക് മുന്നോടിയായി വിവിധ നഗരങ്ങളിലായി 20ലധികം സെല്ലർ കണക്ടുകളും ആഡ്സ് ഹൈവ് വർക്ക്‌ഷോപ്പുകളും ആമസോൺ സംഘടിപ്പിക്കും. കാറ്റലോഗ് ഒപ്റ്റിമൈസേഷൻ, ഇൻവെന്ററി ആസൂത്രണം, ഫുൾഫിൽമെന്റ്, പരസ്യം തുടങ്ങിയ മേഖലകളിൽ വിൽപ്പനക്കാർക്ക് പരിശീലനവും വിവരങ്ങളും നൽകും. ഉത്സവകാല ആവശ്യകത നേരിടുന്നതിനായി രാജ്യവ്യാപക പ്രവർത്തന ശൃംഖലയിൽ 1.6 ലക്ഷത്തിലധികം സീസണൽ തൊഴിൽ അവസരങ്ങളും ആമസോൺ സൃഷ്ടിച്ചിട്ടുണ്ട്.
