Home » Blog » kerala Max » കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കൊച്ചിയിൽ ഓറഞ്ച് റൺ 2026
IMG-20261030-WA0011

-മൂവായിരത്തിയെണ്ണൂറോളം കായികപ്രേമികൾ പങ്കെടുക്കും

കൊച്ചി: കൊച്ചി ഓറഞ്ച് റണ്ണേഴ്സ് & റൈഡേഴ്സ് ക്ലബ്, കേരള ടൂറിസം വകുപ്പുമായി സഹകരിച്ച്, കേരളപ്പിറവി ദിനമായ നവംബർ 1-ന് ‘ഓറഞ്ച് റൺ 2026’ സംഘടിപ്പിക്കുന്നു. വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ മൂവായിരത്തിയെണ്ണൂറോളം കായികപ്രേമികൾ പങ്കെടുക്കും. റണ്ണർമാർ, വാക്കർമാർ, കുടുംബങ്ങൾ എന്നിവരുൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ അഞ്ച് വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രധാന ഇനമായ 21 കിലോമീറ്റർ ഹാഫ് മാരത്തൺ പുലർച്ചെ 5:00 മണിക്ക് ആരംഭിക്കും. കൂടാതെ, 10 കിലോമീറ്റർ മിനി മാരത്തൺ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 5 കിലോമീറ്റർ ‘ഗോഡ്സ് ഓൺ വാക്ക്’, കുടുംബങ്ങൾക്ക് ഒന്നിച്ചു പങ്കെടുക്കാവുന്ന 5 കിലോമീറ്റർ ‘ഫാമിലി ഫൺ റൺ’ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

കേരളത്തിന്റെ പരമ്പരാഗത വേഷമായ കസവു സാരി ധരിച്ച് മുന്നൂറോളം സ്ത്രീകൾ പങ്കെടുക്കുന്ന 3 കിലോമീറ്റർ ‘കസവു ക്വീൻസ് റൺ’ ആണ് മാരത്തണിലെ പ്രധാന ആകർഷണം. സ്ത്രീകളുടെ ആരോഗ്യവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഒന്നാകും ഈ മാരത്തൺ.

തുടർച്ചയായി നാലാം വർഷമാണ് ഓറഞ്ച് റണ്ണേഴ്സ് & റൈഡേഴ്സ് ക്ലബ്‌ ‘ഓറഞ്ച് റൺ’ സംഘടിപ്പിക്കുന്നത്. കായികമേഖലയെയും സന്നദ്ധ സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ക്ലബ്ബ്, കായികത്തിലൂടെ സമൂഹത്തെ ഒന്നിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം, പരിക്കേറ്റ കായികതാരങ്ങളുടെ പുനരധിവാസത്തിനും സഹായത്തിനുമായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. കായികവും പാരമ്പര്യവും സമന്വയിക്കുന്ന ‘ഓറഞ്ച് റൺ 2026’ നാടിന്റെ കൂട്ടായ്മയുടെയും ആരോഗ്യ ബോധത്തിന്റെയും പ്രതീകമാകും.

***

Leave a Reply

Your email address will not be published. Required fields are marked *