
തിരുവനന്തപുരം: സ്ട്രോക്കിന്റെ ലക്ഷണങ്ങളെക്കുറിച്ചും അടിയന്തര ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിക്കുന്ന ‘ട്രെക്ക് ഫാസ്റ്റ്’ ബോധവൽക്കരണ ട്രെക്കിങ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ, ഇന്ത്യ 3 ക്ലസ്റ്റർ സി.ഇ.ഒ വിശാൽ മഹേശ്വരി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. അരിപ്പ ഫോറസ്റ്റ് റെയ്ഞ്ചിൽ 14 കിലോമീറ്റർ നീളുന്ന ട്രെക്ക് ഫാസ്റ്റ് ട്രെക്കിങ്ങിൽ അൻപതിലധികം ട്രെക്കേഴ്സ് പങ്കെടുക്കും.
“പ്രായഭേദമന്യേ ആരെയും ബാധിക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സ്ട്രോക്ക്. ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഗോൾഡൻ അവർ പാഴാക്കാതെ മികച്ച ചികിത്സ ലഭിക്കുന്നിടത്തേക്ക് എത്രയും വേഗം രോഗിയെ എത്തിക്കലാണ് സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനം.” അധ്യക്ഷപ്രസംഗത്തിൽ ഡോ.എം.ഐ.. സഹദുള്ള പറഞ്ഞു.
ജീവിതശൈലീ രോഗങ്ങൾ കാരണം ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും പ്രകൃതിയിലേക്ക് മടങ്ങിപ്പോകലാണ് ഈ പ്രതിസന്ധികൾക്ക് പരിഹാരമെന്നും മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രകൃതിയുമായി ബന്ധം നഷ്ടപ്പെട്ടതിന്റെ ഫലം നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. നാം തന്നെയാണ് പ്രകൃതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അത് തിരുത്താനും നാം തന്നെ മുൻകൈയെടുക്കണം. ആരോഗ്യ സംരക്ഷണവും പ്രകൃതിയെ തൊട്ടറിയലും ലക്ഷ്യമിട്ടുള്ള ‘ട്രെക്ക് ഫാസ്റ്റ്’ ബോധവൽക്കരണ ട്രെക്കിങ് ഇത്തരത്തിലുള്ള ഒരു സംരംഭമാണെന്നും അതിന് എല്ലാവിധ ആശംസകളും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. ഉത്തരവാദിത്തത്തോടെ ട്രെക്കിങ്ങ് നടത്തുന്ന സംസ്കാരം നമുക്കിടയിൽ ഉയർന്ന് വരണമെന്നും അതിനായി ഏത് വനമേഖലയിലും ട്രെക്കിങ്ങ് നടത്താനുള്ള അനുമതിയുൾപ്പടെയുള്ള കാര്യങ്ങളുമായി പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന് കീഴിലുള്ള 39 ആശുപത്രികളിലും സ്ട്രോക്ക് കെയറുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നുണ്ടെന്നും സ്ട്രോക്ക് അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ ഞങ്ങൾ പ്രതിഞ്ജാബദ്ധരാണെന്നും ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ, ഇന്ത്യ 3 ക്ലസ്റ്റർ സി.ഇ.ഒ വിശാൽ മഹേശ്വരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സമയത്തോടൊപ്പം മികച്ച സൗകര്യമുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കലും സ്ട്രോക്ക് ചികിത്സയിൽ വളരെ പ്രാധാന്യമുള്ളതാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സ്ട്രോക്ക് ചികിത്സയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനും നാം പ്രത്യേക ശ്രദ്ധ നൽകണം. മികച്ച ആരോഗ്യ പ്രവർത്തകരെയും മികച്ച ഉപകരണങ്ങളും ലഭ്യമാക്കി ആരോഗ്യ രംഗത്ത് ഏറ്റവും മേന്മയുള്ള സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന്റെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. എസ്. ശ്യാംലാൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ. എം. നജീബ് ആശംസാപ്രസംഗം നടത്തി. ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുരേഷ് ചന്ദ്രൻ സി ജെ നന്ദി രേഖപ്പെടുത്തി.
***
ഫോട്ടോ ക്യാപ്ഷൻ സ്ട്രോക്കിന്റെ ലക്ഷണങ്ങളെക്കുറിച്ചും അടിയന്തര ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിക്കുന്ന ‘ട്രെക്ക് ഫാസ്റ്റ്’ ബോധവൽക്കരണ ട്രെക്കിങ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ, ഇന്ത്യ 3 ക്ലസ്റ്റർ സി.ഇ.ഒ വിശാൽ മഹേശ്വരി, കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. എസ്. ശ്യാംലാൽ, കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, സഹസ്ഥാപകൻ ഇ. എം. നജീബ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുരേഷ് ചന്ദ്രൻ സി ജെ എന്നിവർ സമീപം. (ഇടത്ത് നിന്ന്)
