Your Image Description Your Image Description

തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫീസർ കമാൻഡന്‍റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് എസ്.എച്ച്.ഒ കമാൻഡന്‍റിനെതിരെ കേസും രജിസ്റ്റർ ചെയ്തു. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും പരാതി രേഖാമൂലം വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്.

ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പരാതി വന്നതിന് പിന്നാലെ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു.

ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിർദേശിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്. പരാതിയിൽ വസ്തുതയുണ്ടെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പൊലീസ് അന്വേഷണത്തിന് സമിതി ശുപാർശയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സസ്പെന്‍ഷന് പുറമെ വകുപ്പ് തല നടപടിയും പിന്നാലെയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *