Your Image Description Your Image Description

ഇടുക്കി: പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ഒരാഴ്ചയായി നടത്തി വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. പ്രശ്നങ്ങൾ അടിയന്തിമായി പരിഹരിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ലാബ്, ലക്ചർ ഹാൾ, പെൺകുട്ടികളുടെ ഹോസ്റ്റൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥികൾ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങിയത്.

പ്രശ്ന പരിഹാരത്തിനായി കളകടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്നാണ് മന്ത്രി നേരിട്ട് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം ആഗസ്റ്റ് ഒന്നിന് മുൻപ് പൂർത്തിയാക്കും. അധ്യാപകരുടെ കുറവ് പരിഹരിക്കാൻ ഇടുക്കി മെഡിക്കൽ കോളജിൽ 52 തസ്തികകൾ സൃഷ്ടിച്ചുവെന്നും മന്ത്രി അറിയിച്ചു. ത്രീ ഫേസ് കറൻറിനായി കെഎസ്ഇബിക്ക് നൽകേണ്ട ബാക്കി തുക ഉടൻ അടക്കും. കോളേജിലെ റോഡിന്റെ നിർമ്മാണവും തുടങ്ങും.

നിർമ്മാണത്തിൽ അലംഭാവം കാട്ടുന്ന കിറ്റ്കോയുമായി ചർച്ച നടത്താനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദ്ദേശിച്ചു. ഉറപ്പുകൾ സമയ ബന്ധിതമായി പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്. ഇടുക്കി മെഡിക്കൽ കോളജിൽ എംബിബിഎസ് രണ്ടാം വർഷ ക്ലാസ് തുടങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും വിദ്യാർഥികൾ ലാബ് കണ്ടിട്ടു പോലുമില്ല. ഓപ്പറേഷൻ തിയറ്റർ ഇല്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നതും പഠനത്തിന് തടസ്സമാണ്.

ഹോസ്റ്റലിന്റെ പണി പൂർത്തിയാകാത്തതിനാൽ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പെൺകുട്ടികൾ താമസിക്കുന്നത്. പുതിയതായി 100 കുട്ടികൾ കൂടി എത്തുമ്പോൾ വീണ്ടും താമസ സൗകര്യമില്ലാതാകും. പഠിക്കുന്നതിന് 50 പേർക്കുള്ള ഒരു ലക്ചറർ ഹാൾ മാത്രമാണുള്ളത്. ഈ പ്രശ്നമെല്ലാം പരിഹരിക്കുമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *