Your Image Description Your Image Description

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022- 23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചവർക്കാണ് കേന്ദ്രകൃഷി വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി പൊതുമേഖലയിലുള്ള അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന പദ്ധതി നടപ്പാക്കുന്നത്.

മഴക്കൂടുതൽ, മഴക്കുറവ്, കാലംതെറ്റിയുള്ള മഴ, വരൾച്ച, കീട/രോഗ സാധ്യതയുള്ള കാലാവസ്ഥ, ഉയർന്ന താപനില തുടങ്ങിയവ മൂലം കർഷകർക്കുണ്ടാകുന്ന ഉത്പാദന നഷ്ടത്തിനാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ഡിസ്ട്രിക് ലെവൽ മോണിറ്ററിങ് കമ്മിറ്റി യോഗത്തിന് ജില്ലാ കളക്ടർ വി.ആർ വിനോദ് നേതൃത്വം നൽകി.

പദ്ധതിയിൽ നിലവിലുള്ള വിളകൾക്ക് പുറമെ വിദേശ പഴങ്ങളായ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും ചക്ക, രാമച്ചം തുടങ്ങിയവയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. ബാങ്കിൽ നിന്നും വായ്പ എടുത്ത കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ കാര്യക്ഷമമാക്കുക, വന്യമൃഗശല്യം കാരണം കൃഷി നശിക്കുന്നവർക്കും പരിരക്ഷ നൽകാൻവേണ്ട നടപടികൾ, വാഴകൃഷിയിൽ ഇൻഷൂറൻസ് ചെയ്യാൻ താങ്ങുകാല് നൽകുന്നതിനുള്ള പ്രായം ഭേദഗതി ചെയ്യുക, പന്തൽ ഉപയോഗിച്ചുള്ള കൃഷികൾക്ക് കാറ്റു കാരണമോ മറ്റോ നാശം സംഭവിച്ചാൽ പ്രാദേശിക പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തുക, സർവേ നടക്കാത്ത ഭൂമിയിൽ നാശം സംഭവിച്ചവർക്ക് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖകൾ സമർപ്പിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുക, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകൾ ചുങ്കത്തറ കാലാവസ്ഥാ നിലയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

പദ്ധതിയിൽ ഇപ്പോൾ അംഗമാവാം

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ഇപ്പോൾ അംഗമാവാം. ഡിസംബർ 31നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400597312 എന്ന നമ്പറിൽ ബന്ധപ്പെടാം.

നഷ്ടപരിഹാരം എങ്ങനെ..?

കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും (Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും (Risk period), വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് ( Term sheet) പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.

കൂടാതെ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലം വിളകൾക്കുണ്ടാകുന്ന വ്യക്തിഗത നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.

വ്യക്തിഗത നാശനഷ്ടത്തിന് വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ് (ടോൾഫ്രീ നമ്പർ: 18004257064).

എങ്ങനെ രജിസ്റ്റർ ചെയ്യും..?

സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

പ്രീമിയം എത്ര രൂപ..?

നെല്ല്

കർഷകപ്രീമിയം: 1200 രൂപ (ഹെക്ടർ)

*4.80 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 80,000 രൂപ (ഹെക്ടർ )

വാഴ

കർഷകപ്രീമിയം: 8750 രൂപ (ഹെക്ടർ)

*35 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 175000 രൂപ (ഹെക്ടർ)

കുരുമുളക്

കർഷകപ്രീമിയം 2500 രൂപ(ഹെക്ടർ )

*10 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: 50,000 രൂപ (ഹെക്ടർ)

കവുങ്ങ്

കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ )

*20 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ )

മഞ്ഞൾ

കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)

*12 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

ജാതി

കർഷകപ്രീമിയം: 2750 രൂപ (ഹെക്ടർ)

*11 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 55,000 രൂപ (ഹെക്ടർ)

കൊക്കോ

കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)

*12 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 60,000 (ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)

കർഷകപ്രീമിയം: 2000 രൂപ (ഹെക്ടർ)

*എട്ട് രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

വെറ്റില

കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)

*20 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)

കർഷകപ്രീമിയം: 2000 രൂപ (ഹെക്ടർ)

* എട്ട് രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

പയർവർഗ്ഗങ്ങൾ (ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)

കർഷകപ്രീമിയം: 800 രൂപ (ഹെക്ടർ)

* മൂന്ന് രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

ഏലം

കർഷകപ്രീമിയം: 2250 രൂപ (ഹെക്ടർ)

*ഒമ്പത് രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 45,000 രൂപ(ഹെക്ടർ)

കശുമാവ്

കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)

* 12 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

മാവ്

കർഷകപ്രീമിയം: 7500 രൂപ (ഹെക്ടർ)

*30 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: 1.5 ലക്ഷം രൂപ (ഹെക്ടർ)

ഗ്രാമ്പൂ

കർഷകപ്രീമിയം: 2750 രൂപ (ഹെക്ടർ)

*11 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: 55,000 രൂപ (ഹെക്ടർ)

തെങ്ങ്

കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)

* 20 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

ഇഞ്ചി

കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)

* 20 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

പൈനാപ്പിൾ

കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)

* 12 രൂപ (സെന്റ്)

ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

റബർ

കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)

* 20 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

മരച്ചീനി

കർഷകപ്രീമിയം: 6250 രൂപ (ഹെക്ടർ)

* 25 രൂപ (സെന്റ് )

ഇൻഷുറൻസ് തുക: 1.25 ലക്ഷം (ഹെക്ടർ)

Leave a Reply

Your email address will not be published. Required fields are marked *