Your Image Description Your Image Description

കോട്ടയം: കേരള കോൺഗ്രസ് എംന് ഇത്തവണ രാജ്യസഭാ സീറ്റ് ഇടതുമുന്നണി നൽകിയേക്കില്ല. ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സിപിഎമ്മും മറ്റൊന്നിൽ സിപിഐയും മത്സരിച്ചേക്കും. കേരള കോൺഗ്രസ് എമ്മിനെ അനുനയിപ്പിക്കുനുള്ള ഫോർമുല സിപിഎം തയ്യാറാക്കുന്നുണ്ടന്നാണ് സൂചന. ആർജെഡിയും സീറ്റ് ആവശ്യമായി രംഗത്തുള്ളത് മുന്നണി നേതൃത്വത്തിന് തലവേദനയാണ്.

സിപിഎമ്മിന്റെ എളമരം കരിമും സിപിഐയുടെ ബിനോയ് വിശ്വവും കേരള കോൺഗ്രസ് എമ്മിൻ്റെ ജോസ് കെ മാണിയുമാണ് ജൂലൈ ഒന്നിന് ഒഴിയുന്നത്. മൂന്ന് സീറ്റുകളിലേക്ക് ജൂൺ 25 നാണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണി ജയിക്കാൻ കഴിയുക. ജയിക്കാൻ കഴിയുന്ന രണ്ടിൽ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കും. അടുത്ത സീറ്റിലേക്ക് സി പിഐയും കേരള കോൺഗ്രസ് എമ്മും ആർ ജെ ഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

സിപിഐക്ക് സീറ്റ് നൽകി, കേരള കോൺഗ്രസ് എമ്മിനെ മറ്റെന്തെങ്കിലും പദവി നൽകി അനുനയിപ്പിക്കാം എന്നാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. മുന്നണിയുടെ ഭാഗമായി വന്നപ്പോൾ ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് വിട്ടു നൽകാൻ കേരള കോൺഗ്രസ് തയ്യാറാവുന്നില്ല. എന്നാൽ സിപിഎമ്മിന് സിപിഐയെ പിണക്കാൻ കഴിയില്ല.അതുകൊണ്ട് കേരള കോൺഗ്രസിനെ അനുനയിപ്പിക്കാൻ വേണ്ടിയുള്ള ചില ഫോർമുലകൾ സി പി എം തയ്യാറാകുന്നുണ്ടെന്നാണ് സൂചന. അതിൽ കേരള കോൺഗ്രസ് എം വഴങ്ങുമോ എന്ന കാര്യത്തിൽ നേതൃത്വത്തിന് വ്യക്തതയില്ല.

അപ്പോഴും ആർജെ ഡി യുടെ പിണക്കം പരിഹരിക്കാൻ ഉള്ള ഫോർമുല സിപിഎം നേതൃത്വത്തിൽ ഉരുത്തിരിഞ്ഞില്ല. മുന്നണിയിലെ അവഗണന ഇനിയും സഹിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ആർജെഡി ഉള്ളത്. അതുകൊണ്ട് അടുത്ത തദ്ദേശ തെ രഞ്ഞടുപ്പിന് മുൻപ് ആർ ജെ ഡി യുടെ മുന്നണി മാറ്റം അടക്കമുള്ള സംഭവങ്ങൾ ഉണ്ടായാലും അത്ഭുതപ്പെടാനില്ല. അതേസമയം രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ വലിയ തർക്കങ്ങളില്ല. യുഡിഎഫിന് ജയിക്കാൻ കഴിയുന്ന ഒരു സീറ്റിൽ മുസ്ലിം ലീഗ് മത്സരിക്കും എന്ന ധാരണ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുന്നണികൾ രാജ്യസഭാ സീറ്റ് ചർച്ചകളിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *