Your Image Description Your Image Description

 

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ് പി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പൊന്നാനി പൊലീസിനുണ്ടായ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പൊന്നാനിയില്‍ ആളുമാറി നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച സംഭവം പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തില്‍ ഗൗരവമായ വീഴ്ച പൊലീസിന്‍റെ ഭാഗത്തു നിന്നുമുണ്ടായതായി വിമര്‍ശമുയര്‍ന്നതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ് പി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനു പകരം ആലുങ്ങല്‍ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസ് ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് അബൂബക്കറിനെ കൊണ്ടു പോവുകയായിരുന്നു. അബൂബക്കറിന്‍റെ ഭാര്യ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ കേസാണെന്നാണ് അബൂബക്കര്‍ ആദ്യം ധരിച്ചത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യക്ക് ചെലവിന് നല്‍കാനുള്ള വകയില്‍ നാലു ലക്ഷത്തി മൂവായിരം രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെട്ടു. പിഴയൊടക്കാന്‍ കഴിയാതെ വന്നതോടെ റിമാന്‍ഡ് ചെയ്തു. പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വാറന്‍റ് നോട്ടീസില്‍ പറയുന്ന അബൂബക്കര്‍ മറ്റൊരാളാണെന്ന കാര്യം വ്യക്തമാകുന്നത്. കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടതോടെ മൂന്ന് ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ആലുങ്ങല്‍ അബൂബക്കര്‍ മോചിതനായി. രണ്ടു പേരുടെയും സ്ഥലവും പിതാവിന്‍റെ പേരും ഒന്നായതിനെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ആളുമാറി അറസ്റ്റ് നടക്കാന്‍ കാരണമെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *