Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടം. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നും കൊച്ചിയില്‍ മഴ തുടര്‍ന്നു. ആസാദ്‌ റോഡ്, പനമ്പള്ളി നഗർ ശാന്തി നഗർ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളം ഉയർന്നത്.

വടക്കൻ കേരളത്തിൽ കോഴിക്കോടും വേനൽമഴയിൽ കനത്ത നാശനഷ്ടമുണ്ടായി. കക്കയം -തലയാട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. മരം കടപുഴകി വീഴുന്ന സമയത്ത് ഇതിലൂടെ കടന്നുവന്ന സ്കൂട്ടർ യാത്രക്കാരിയായ പഞ്ചായത്തംഗം ലാലു രാജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡില്‍ കൂടി നിന്നവര്‍ ശബ്ദമുണ്ടാക്കിയതോടെ സ്കൂട്ടര്‍ നിര്‍ത്തിയതാണ് ലാലിക്ക് തുണയായത്.
താമരശേരി താലൂക്കിലെ കിനാലൂല്‍ വില്ലേജില്‍ കെഎസ്ഐഡിസി കെട്ടിടത്തിന്‍റെ ചുറ്റുമതില്‍ ഇടി‍ഞ്ഞു വീണു. സംഭവത്തില്‍ ആളപായമില്ല. തൊട്ടില്‍പാലം- കളളാട് റോഡില്‍ മൊയിലോത്തറയില്‍ റോഡരികിലെ മരംകടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

മാവൂർ , പെരുമണ്ണ അന്നശ്ശേരി, മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറിൽ ജലനിരപ്പുയർന്നതോടെ, തെങ്ങിലക്കടല് ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയിൽ നിരവധി വീടുകളിൽ വെളളംകയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊടുവള്ളിയില്‍ കിണര്‍ ഇടി‍ഞ്ഞു താഴ്ന്നു. ഇന്നലെ രാത്രി വെളളംകയറിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകൾ രാവിലെ പൂർവസ്ഥിതിയിലായി.

കനത്ത മഴയെ തുടർന്ന് ആലപ്പുഴ തുറവൂരിൽ ദേശീയപാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാക്കേകടവ് വഴി ഗതാഗതം തിരിച്ചുവിട്ടെങ്കിലും ഏറെ നേരം ഇവിടെയും ഗതാഗതക്കുരുക്ക് ഉണ്ടായി. ചമ്പക്കുളം, മങ്കൊമ്പ് തുടങ്ങി കുട്ടനാട്ടിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കോട്ടയത്ത് നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ഓണംതുരുത്ത് സ്വദേശി വിമോദ് കുമാർ എന്ന നാൽപ്പതുകാരനാണ് മരിച്ചത്.
ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി മലങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. പുഴയില്‍ വെള്ളം കൂടാന്‍ സാധ്യതയുള്ളതിനാല്‍ തൊടുപുഴയാറിന്‍റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്ദ്ദേശം നല്‍കി.കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചു.

മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അൽപസമയം ഗതാഗതം വഴിതിരിച്ചുവിട്ടു. പത്തനംതിട്ട ചന്ദനപ്പള്ളി- അങ്ങാടിക്കൽ റോഡിൽ മുളയറയിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. മഴയിൽ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന മരം കടപുഴകി വീണു. സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകൾക്ക് കേടുപാടുണ്ടായി. അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *