Your Image Description Your Image Description
Your Image Alt Text

 

ബെം​ഗളൂരു: പ്യൂണിൻ്റെ അക്കാദമിക് രേഖകൾ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ കൊപ്പലിലെ പ്രാദേശിക കോടതിയാണ് കോടതിയിലെ ജീവനക്കാരന്റെ അക്കാദമിക് രേഖകൾ പരിശോധിക്കാനാവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യക്തിയായ ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിൻ്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടൽ. 23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.5 ശതമാനം മാർക്ക് നേടി കോടതിയിൽ പ്യൂണായി ജോലിയ്ക്ക് കയറിയത്.

റായ്ച്ചൂർ ജില്ലയിലെ സിന്ധനൂർ താലൂക്കിൽ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശേഷം കൊപ്പൽ കോടതിയിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചിരുന്നു. 2024 ഏപ്രിൽ 22ന് പത്താം ക്ലാസ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്യൂൺ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിലേക്കുള്ള മെറിറ്റ് ലിസ്റ്റിൽ എത്തുകയും കൊപ്പൽ കോടതിയിൽ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു. എന്നാൽ കോടതിയിൽ വായനയും എഴുത്തും അറിയാത്തതിനാൽ അക്കാദമിക് നേട്ടങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയതോടെ പ്രഭുവിൻ്റെ അക്കാദമിക് റെക്കോർഡ് അന്വേഷിക്കാൻ ജഡ്ജി പൊലീസിൽ പരാതി നൽകി. ഏഴാം ക്ലാസിന് ശേഷം നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇയാൾ 625-ൽ 623 മാർക്ക് നേടിയാണ് വിജയിച്ചത്. എന്നാൽ ഉന്നത മാർക്ക് വാങ്ങി വിജയിച്ചെങ്കിലും കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ വായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല. ഇത് വിദ്യാഭ്യാസത്തിൻ്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉണ്ടാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു. വ്യാജ അക്കാദമിക് നേട്ടങ്ങൾ അർഹതയുള്ള വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച ജഡ്ജി മറ്റുള്ളവർ സമാനമായ മാർഗങ്ങളിലൂടെ സർക്കാർ ജോലി നേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പ്രഭുവിൻ്റെ കൈയക്ഷരം പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുമായി താരതമ്യം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം, സംസ്ഥാനത്തെ ബാഗൽകോട്ട് ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ 2017-18ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയെന്നും ദില്ലി വിദ്യാഭ്യാസ ബോർഡാണ് പരീക്ഷകൾ നടത്തിയതെന്നും ലോകർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *