Your Image Description Your Image Description
ആലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഗവ. സി.വൈ.എം.എ. യു.പി.എസ്. പുന്നപ്രയിൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കഴിഞ്ഞ വർഷത്തെ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള ഇന്ദിര ഗാന്ധി നാഷണൽ അവാർഡ് നേടിയ ഡോ. എസ്. ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു.
22 ആം തിയതി ആരംഭിച്ച ക്യാമ്പിൽ സ്നേഹാരാമം, സ്കൂൾ നവീകരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, നേതൃത്വ പരിശീലന ക്ലാസുകൾ, ശാന്തി ഭവൻ സന്ദർശനം എന്നിവ നടന്നു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റൂബിൻ വി. വർഗീസ് അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, അധ്യാപിക ജിസ്മി, പ്രോഗ്രാം ഓഫീസർമാരായ ഡോ. അനൂപ് എൻ. നായർ, ഷൈമ, വൊളൻ്റിയർ സെക്രട്ടറിമാരായ അരുൺ, അഭിനന്ദ്, അശ്വതി, നെസ് ല തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയ രണ്ടാം വാർഡിലെ റെയിൽവേ ക്രോസ്സിന് സമീപമുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലം പഞ്ചായത്തിന്റെയും വാട്ടർ അതോറിറ്റിയുടെയും അനുമതിയോടെ വൃത്തിയാക്കി. സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി കേരള ശുചിത്വ മിഷൻ്റെയും, പഞ്ചായത്തിൻ്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തിയത്.
എൻ.എസ്.എസ്. വോളന്റിയേഴ്‌സ് അടുത്ത ഒരു വർഷത്തേക്ക് ഈ സ്ഥലം പരിപാലിക്കും. ഇവിടെ ഷട്ടിൽ കോർട്ട്, ജൈവ വേലി, ഇരിപ്പിടം, ബോധവൽക്കരണ പോസ്റ്ററുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *