Your Image Description Your Image Description

ഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമൃത്പാൽ സിംഗ് മത്സരിക്കുന്നത്. പഞ്ചാബിന്റെ അവകാശികൾ എന്ന‍ർത്ഥം വരുന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവാണ് ഇയാൾ. പഞ്ചാബിന്റെ അവകാശ സംരക്ഷണത്തിനും സാമൂഹികപ്രശ്നങ്ങളുന്നയിച്ചും 2021 ൽ ദീപ് സിദ്ദു സ്ഥാപിച്ചതാണ് ഈ സംഘടന. ദീപു സിദ്ദുവിന്റെ മരണശേഷം 2022 ഫെബ്രുവരിയിലാണ് സംഘടനയുടെ തലപ്പത്തേക്ക് അമൃത്പാൽ സിംഗ് എത്തുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിരുന്ന അമൃത്പാല്‍ സിംഗ് പൊടുന്നനെയാണ് ഖലിസ്ഥാന്‍ പ്രക്ഷോഭകാരികളുടെ ഐക്കണായി മാറിയത്. തന്റെ സഹായിയെ അറസ്റ്റ് ചെയ്തതിനെതിരെ പഞ്ചാബിലെ അജ്‌നാലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സഹായിയെ ഇയാൾ മോചിപ്പിച്ചിരുന്നു. ശേഷം മുങ്ങിയ അമൃത്പാൽ സിംഗിനെ പൊലീസ് പിടികൂടിയത് 36 ദിവസങ്ങൾക്ക് ശേഷമായിരുന്നു. കഴി‌ഞ്ഞ ഒരു വർഷമായി അസമിലെ ദീബ്രുഗഡ് ജയിലിലാണ് അമൃത്പാൽ സിംഗ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന അമൃത്പാൽസിംഗിന്റെ ഹർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി അനുവദിക്കുകയായിരുന്നു. പ്രതിനിധികൾ സമർപ്പിച്ച നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തു. ആയിരം രൂപ മാത്രമാണ് 31 കാരനായ അമൃത്പാൽ സിംഗിനുള്ള ആസ്തി. ഭാര്യ കിരൺദീപ് കൗറിന് 18 ലക്ഷത്തി 37ആയിരത്തിന്റെ അസ്തിയുമുണ്ട്. 12 ക്രിമിനൽ കേസുകളും അമൃത്പാലിനെതിരെയുണ്ട്.ജയിലിലുള്ള അമൃത്പാൽ സിംഗിനായി മാതാപിതാക്കളാണ് വോട്ട് ചോദിച്ച് മണ്ഡലത്തിലുള്ളത്. ജൂൺ 1 നുള്ള ഏഴാം ഘട്ടത്തിലാണ് ഖദൂർ സാഹിബിലെ വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *