Your Image Description Your Image Description
എറണാകുളം: ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതി വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകളാണ് തുറന്നിടുന്നതെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു.
ഡി.ഡി.യു.ജി.കെ.വൈ വിദ്യാർത്ഥികളുടെ അലൂമ്നി മീറ്റ് പരിപാടിയായ നൈപുണ്യ സരസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിൽ വലിയ സംഭാവനകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഈ പദ്ധതി നൽകുന്നത്.
പദ്ധതി പ്രകാരം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഏറെയാണ്. അനുനിമിഷം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോക ക്രമത്തിൽ നൈപുണ്യ വികസനം നിർണായകമാണ്.
വരുന്ന 10 വർഷത്തിനുള്ളിൽ നിലവിലെ പല തൊഴിൽ മേഖലകളും അപ്രത്യക്ഷമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ പുതിയ സ്കില്ലുകൾ ആർജിക്കാൻ ഓരോ വിദ്യാർത്ഥികളും ശ്രദ്ധ നൽകണം. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ദേശീയ സരസ്മേളയിലെ വലിയ ജനപങ്കാളിത്തം ഏറെ അഭിമാനം സമ്മാനിക്കുന്ന കാര്യമാണ്. മേളയുടെ വിജയത്തിൽ കുടുംബശ്രീയുടെ സംഘാടന മികവ് എടുത്തു പറയേണ്ടതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മികച്ച അലൂമ്നികളെയും കൂടുതൽ എന്റോൾമെന്റ് നടത്തിയ സി.ഡി.എസുകളെയും വേദിയിൽ ആദരിച്ചു. തുടർന്ന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും പരിശീലകനുമായ ഡോ. എ.ജെ അഗസ്റ്റിൻ മോട്ടിവേഷണൽ ക്ലാസ് നയിച്ചു. പുതുമയുള്ള കാര്യങ്ങൾ ചെയ്യാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരായാലും പതിവ് രീതികളിൽ നിന്ന് മാറി ചിന്തിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഏതു പ്രവർത്തിയായാലും ആത്മവിശ്വാസത്തോടെ ചെയ്യുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം റെജീന അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോ ഓഡിനേറ്റർ കെ.സി അനുമോൾ, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജർ എൻ.അജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *