Your Image Description Your Image Description
Your Image Alt Text

 

വളര്‍ന്നു കഴിയുമ്പോഴാണ് കുട്ടിക്കാലമാണ് ഏറ്റവും മനോഹരമെന്ന് നമ്മളോരുത്തരും തിരിച്ചറിയുന്നത്. ജീവിതത്തിന്‍റെയോ ദൈനം ദിന പ്രശ്നങ്ങളുടെയോ അല്ലലില്ലാതെ ഒന്നിനെ കുറിച്ചും ആലോചനകളില്ലാതെ കളിച്ച് ചിരിച്ച് നടന്നിരുന്ന പ്രായം. ആ പ്രായത്തില്‍ നമ്മള്‍ കേട്ട കഥകള്‍ പലതും കെട്ടുകഥകളാണെന്നും അവയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും പക്ഷേ നമ്മള്‍ തിരിച്ചറിയുന്നത് പോലും വളര്‍ന്ന് കഴിഞ്ഞാണ്. പണ്ട് നമ്മള്‍‌ കേട്ട പല കഥകളും അല്പം കൂട്ടിചേര്‍ക്കലുകളോടെ, അവ ശുദ്ധമണ്ടത്തരങ്ങളാണെന്ന് അറിഞ്ഞിട്ടും പുതിയ തലമുറയ്ക്ക് നമ്മള്‍ പകര്‍ന്ന് കൊടുക്കാറുമുണ്ട്. അത്തരമൊരു കുട്ടിക്കാല കഥ പൊളിച്ച് കൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ച വീഡിയോ വൈറലായി.

വീഡിയോ പങ്കുവച്ച് കൊണ്ട് പർവീണ്‍ ഇങ്ങനെ എഴുതി, ‘ഒരു സുഹൃത്ത് മരത്തിൽ കയറി കരടിയിൽ നിന്ന് ജീവൻ രക്ഷിച്ച കഥ, നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. നമ്മുടെ കുട്ടിക്കാലം എങ്ങനെ ഒരു നുണയായിരുന്നുവെന്ന് കാണിക്കുന്ന ഒരു ഹിമാലയൻ കറുത്ത കരടി അമ്മയും കുഞ്ഞും ഇതാ !! ഇത് ഇന്നലെ ചിത്രീകരിച്ചു.’ പര്‍വീണ്‍ പങ്കുവച്ച വീഡിയോയുടെ തുടക്കത്തില്‍ അത്യാവശ്യം ഉയരമുള്ള ഒരു മരത്തില്‍ നിന്നും ഒരു കറുത്ത അമ്മക്കരടിയും ഒരു കുഞ്ഞും താഴേക്ക് ഇറങ്ങിവരുന്നത് കാണിച്ചു. താഴേയ്ക്ക് ഇറങ്ങിവന്ന ഇരുവരും റോഡില്‍ നില്‍ക്കുന്ന മനുഷ്യരെ കണ്ട് അല്പമൊന്ന് ശങ്കിച്ചെങ്കും അമ്മ മുന്നോട്ട് തന്നെ നടത്തം തുടര്‍ന്നു. കുഞ്ഞാകട്ടെ ഓടി വീണ്ടും മരത്തിലേക്ക് കയറി. പിന്നാലെ അമ്മയെ കാണാഞ്ഞ് കുഞ്ഞ് വീണ്ടും മരത്തിൽ നിന്നും ഇറങ്ങി അമ്മയോടൊപ്പം നടന്ന് പോകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

നമ്മുടെ കുട്ടിക്കാലത്ത് കേട്ട കഥകളിലാകട്ടെ, കരടി ആക്രമിക്കാന്‍ എത്തിയപ്പോള്‍ ഒരാള്‍ ഓടി മരത്തില്‍ കയറുന്നു. അതേസമയം മരത്തില്‍ കയറാന്‍ പറ്റാത്തയാള്‍ മരിച്ച പോലെ കിടക്കുന്നു. അങ്ങനെ ഇരുവരും കരടിയില്‍ നിന്നും ജീവന്‍ രക്ഷിച്ചുവെന്നതാണ്. ആ കഥ വിശ്വസിച്ച് കരടികളെങ്ങാനും അക്രമിക്കാന്‍ വരുമ്പോള്‍ മരത്തിലേക്ക് ഓടിക്കയറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് പര്‍വീണ്‍ ചോദിക്കുന്നു. ഒപ്പം നമ്മുടെയെല്ലാം കുട്ടിക്കാലം എന്ത് മാത്രം നുണകള്‍ നിറഞ്ഞതാണെന്നും കുറിക്കുന്നു. വീഡിയോ ഇതിനകം മുപ്പത്തിരണ്ടായിരത്തില്‍ ഏറെ പേര്‍ കണ്ടുകഴിഞ്ഞു.

വീഡിയോ

https://x.com/ParveenKaswan/status/1788397851237863615

Leave a Reply

Your email address will not be published. Required fields are marked *