Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ഒരു മുൻസിപ്പാലിറ്റി അംഗത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കൊല്ലം പരവൂർ മുൻസിപ്പാലിറ്റി 10-ാം വാർഡ് കൗൺസിലർ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുൽഫിക്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്.

ഇല്ലാത്ത പ്രിൻ്റിംഗ് പ്രസ്സിൻ്റെ പേരിൽ ചെയർപേഴ്സൻ്റെയും അംഗങ്ങളുടേയും ലെറ്റർ പാഡ് അച്ചടി കരാർ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകൾ നൽകി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.

കൊല്ലം പരവൂർ നഗരസഭയിലെ കൃഷിഭവൻ വാർഡ് അംഗവും സിപിഐയുടെ ഏക കൗൺസിലറുമാണ് നടപടി നേരിട്ട പി. നിഷാകുമാരി. ഇവർ ഇല്ലാത്ത പ്രിൻ്റിംഗ് പ്രസ്സിൻ്റെ പേരിൽ കുറഞ്ഞ തുകയ്ക്ക് കരാർ എടുത്ത് വ്യാജ ബില്ലുകൾ നൽകി കൗൺസിലർ പണം കൈപ്പറ്റിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭയുടെ അച്ചടി ജോലികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുറഞ്ഞ തുകയ്ക്ക് ടെൻഡർ എടുത്താണ് നിഷാ കുമാരി പണം കൈപ്പറ്റിയത്. കൂനയിൽ പ്രവർത്തിക്കുന്ന അമ്പാടി പ്രിൻ്റേഴ്സ് എന്ന എന്ന ഇല്ലാത്ത കമ്പനിയുടെ പേരിലാണ് ലക്ഷങ്ങൾ കൈപ്പറ്റിയത്. വ്യാജ ബില്ലിലേയും കൗൺസിലറുടേയും ഒരേ ഫോൺ നമ്പർ. നഗരസഭയുടെ നോട്ടീസ്, ലെറ്റർ പാസ്, ബജറ്റ് ബുക്ക് തുടങ്ങിയവയുടെ അച്ചടി കൗൺസിലർ സ്വന്തമാക്കിയെന്ന് ഓഡിറ്റ് റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *