Your Image Description Your Image Description
Your Image Alt Text

ആഴ്ചകള്‍ക്ക് മുമ്പ് ബ്രസീലില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് കോടതിയിലെത്തി. മരിച്ച് പോയ അമ്മാവനെ ലോണില്‍ ഒപ്പിടീക്കാനായി മരുമകള്‍ ബാങ്കിലെത്തിച്ചു എന്നതായിരുന്നു കേസ്. മൃതദേഹം ദുരുുപയോഗം ചെയ്തു, വഞ്ചനയിലൂടെ മോഷണ ശ്രമം തുടങ്ങിയ കുറ്റങ്ങളായിരുന്നു യുവതിക്ക് നേരെ ആരോപിച്ചിരുന്നത്. ഒടുവില്‍ റിമാന്‍റ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്‍റെ ‘സത്യാവസ്ഥ’ വ്യക്തമാക്കി. അതേസമയം കേസ് വിചാരണയ്ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എറിക്ക ഡിസൂസ വിയേര നൂൺസ് എന്ന യുവതി കഴിഞ്ഞ ഏപ്രില്‍ ആദ്യം തന്‍റെ 68 -കാരനായ അമ്മാവന്‍ പൗലോ റോബർട്ടോ ബ്രാഗയുമായി ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഒരു ബാങ്കിൽ എത്തി. അമ്മാവന്‍റെ താഴ്ന്ന് കിടന്ന മുഖം തന്‍റെ കൈ കൊണ്ട് ഉയര്‍ത്തി പിടിച്ച എറിക്ക, അമ്മാവന് ലോണ്‍ വേണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍, പൗലോ റോബർട്ടോ ബ്രാഗയുടെ മുഖം കണ്ട ബാങ്ക് ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നു. മരിച്ച ഒരാളെ പോലെയായിരുന്നു പൗലോ റോബർട്ടോ ബ്രാഗ ഇരുന്നിരുന്നത്. പിന്നാലെ ബാങ്കില്‍ നിന്നും പോലീസിനെ വിവരമറിയിച്ചു. പോലീസും ആരോഗ്യപ്രവര്‍ത്തകരും ബാങ്കിലെത്തുകയും പൗലോ റോബർട്ടോ ബ്രാഗ മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു. ഉടനെ പോലീസ് എറിക്കയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി എറിക്കയെ 16 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

റിമാന്‍റ് കാലാവധി കഴിഞ്ഞെത്തിയ എറിക്ക ആദ്യമായി ബ്രസീലിയൻ ടിവി പ്രോഗ്രാമായ ഫാന്‍റസ്‌റ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മാവന്‍ മരിച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. അവര്‍ കരഞ്ഞു കൊണ്ട്, ‘ആളുകള്‍ പറയുന്നത് അസംബന്ധമാണ്. അമ്മാവന്‍ മരിച്ചത് തനിക്ക് അറിയില്ലെന്നും കുടുംബത്തില്‍ നിന്നും അകന്ന് കഴിഞ്ഞ ദിവസങ്ങള്‍ വളരെ പ്രയാസകരമായിരുന്നു’ എന്നും പറഞ്ഞു. ‘ആളുകള്‍ പറയുന്നത് പോലുള്ള ഒരാളല്ല ഞാന്‍. താന്‍ ഭീകരജീവിയല്ല. ആംബുലന്‍സ് ജീവനക്കാരന്‍, അമ്മാവന്‍ മരിച്ചെന്ന് സ്ഥിരീകരിക്കും വരെ താന്‍ ആ സത്യം അറിഞ്ഞിരുന്നില്ല.’ എന്നും കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, അന്നേ ദിവസം താന്‍ അമിതമായി ഉറക്ക ഗുളിക കഴിച്ചിരുന്നെന്നും അന്ന് ബാങ്കിലെത്തിയപ്പോള്‍ അതിന്‍റെ ആലസ്യത്തിലായിരുന്നു താനെന്നും തുറന്ന് സമ്മതിച്ചു. ന്യൂമോണിയ ചികിത്സയ്ക്ക് ശേഷം ബാങ്കിലേക്ക് കയറുമ്പോള്‍ തന്‍റെ തല താഴ്ന്നു പോകുന്നെന്നും അതിനാല്‍ ഉയര്‍ത്തി പിടിക്കാന്‍ അമ്മാവന്‍ തന്നോട് ആശ്യവപ്പെട്ടതായും എറിക്ക അഭിമുഖത്തില്‍ പറഞ്ഞു.

, വീട് പുതുക്കി പണിയാന്‍ അദ്ദേഹത്തിന് കാശ് വേണമായിരുന്നു. അല്ലാതെ തനിക്ക് പണത്തിന്‍റെ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മാവന്‍ പൗലോ റോബർട്ടോ ബ്രാഗ ഒരു വരുമാനവും ഇല്ലാതെയാണ് ജീവിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് അദ്ദേഹം ജോലിക്ക് പോയിരുന്നത്. അദ്ദേഹത്തെ തന്‍റെ കുടുംബമാണ് എന്നും സഹായിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പൗലോ റോബർട്ടോ ബ്രാഗ മരിച്ചെന്ന് അറിഞ്ഞ് കൊണ്ടാണ് എറിക്ക അദ്ദേഹത്തിന്‍റെ മൃതദേഹവുമായി ബാങ്കിലെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. റിമാന്‍റ് കാലാവധി കഴിഞ്ഞതിനാല്‍ എറിക്കയെ ജാമ്യത്തില്‍ വിടാനും ഒപ്പം അവരുടെ മാനസികനില പരിശോധിക്കാനുമായിരുന്നു കോടതി ഉത്തരവിട്ടത്. ഒപ്പം എറിക്കയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും കോടതി ആവശ്യപ്പെട്ടു. എറിക്കയുടെ വിചാരണാ തിയതി ഇതുവരെ കോടതി പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *