Your Image Description Your Image Description
Your Image Alt Text

ഇടുക്കി: ‘കിഴക്കിന്റെ കശ്മീർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള- തമിഴ്നാട് അതിർത്തിഗ്രാമം കാന്തല്ലൂരില്‍ ‘ടൂറിസം മെഗാ ഫെസ്റ്റിന് ‘ വർണ്ണാഭമായ തുടക്കം. റവന്യു മന്ത്രി കെ രാജൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കാന്തല്ലൂരിൻ്റെ ടൂറിസം വികസനത്തിനായും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് 7 മുതല്‍ 12 വരെ കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് നടത്തുന്നത്.മെയ് 11 ശനിയാഴ്ച രാത്രി രാത്രി നടക്കുന്ന അശോകം ‘വിസ്മയനിശയിൽ’ ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ

ഡോ : ജിതേഷ്ജി ‘ജീഷോ ‘ എന്ന മാസ്മരിക സ്റ്റേജ് ത്രില്ലർ & ഡി ജെ ഷോയുമായി എത്തും. ആക്റ്റീവ് റേഡിയോ ബാൻഡിന്റെ മ്യൂസിക്കൽ നൈറ്റും മെയ് 11 ന് രാത്രി നടക്കും. റിയാൽറ്റി ഷോ താരം മനോജ്‌ ഗിന്നസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി നൈറ്റ് പ്രോഗ്രാം, മണി താമരയുടെ ‘ഉൾതുടിപാട്ട്’, നാദം കലാവേദിയുടെ നൃത്തം, വനവാസികൾ അവതരിപ്പിക്കുന്ന ഗോത്ര നൃത്തം, ഗോത്ര സംഗീതം എന്നിവയും മറ്റ് കലാ- സാംസ്കാരിക പരിപാടികളും വിവിധദിവസങ്ങളിലായി നടക്കും. കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇപ്പോൾ കാന്തല്ലൂരിലേക്ക്.

കാന്തല്ലൂര്‍ പഞ്ചായത്ത്, റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വർണ്ണാഭമായ കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ ദേവികുളം എം എൽ എ അഡ്വ. എ രാജ അധ്യക്ഷത വഹിച്ചു. ആർ ടി മിഷൻ കോഡിനേറ്റർ രൂപേഷ്കുമാർ വിശിഷ്ടാതിഥിയായി. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി മോഹൻദാസ്, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സാംസ്ക്കാരിക ഘോഷയാത്ര നടന്നു. പയസ് നഗർ ആനകോട്ടപ്പാറയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഫെസ്റ്റ് നഗരിയിൽ സമാപിച്ചു.

തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പതാക ഉയർത്തി. ഫെസ്റ്റിന്റെ ഭാഗമായി മറയൂര്‍, ചിന്നാര്‍, മൂന്നാര്‍ മേഖലകളില്‍നിന്ന് പ്രത്യേക ടൂര്‍ പാക്കേജ് ഉണ്ടായിരിക്കും. കാന്തല്ലൂരിലെ 49 ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബറി, റാഗി, സു ഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാം. കാര്‍ണിവല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, ഫുഡ് കോർട്ട് എന്നിവയും ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂര്‍ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘ഗോള്‍ഡ് വില്ലേജ്’ അവാര്‍ഡ് ലഭിച്ചിരുന്നു. ലോക ടൂറിസം ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയില്‍ നിന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ ഒരാവേശം കൂടി ഉള്‍കൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *