Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ 46 പന്തില്‍ 86 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സഞ്ജുവിന് 11 മത്സരങ്ങളില്‍ 471 റണ്‍സായി. 67.29 ശരാശരിയിലും 163.54 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്റെ നേട്ടം. 400നപ്പുറം റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉള്ളതും സഞ്ജുവിനാണ്. 23 സിക്‌സുകളും 44 ഫോറുകളും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു സഞ്ജു.

അതേസമയം ആര്‍സിബിയുടെ വിരാട് കോലിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റുതുരാജ് ഗെയ്കവാദും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. 11 മത്സരങ്ങളില്‍ 542 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 148.09 സ്‌ട്രൈക്ക് റേറ്റും 67.75 ശരാശരിയും കോലിക്കുണ്ട്. കോലിയേക്കാള്‍ ഒരു റണ്‍ മാത്രം പിറകിലാണ് ഗെയ്കവാദ്. 541 റണ്‍സ് നേടിയ ഗെയ്കവാദിന്റെ പ്രഹര ശേഷി 147.01. ശരാശരി 60.11 റണ്‍സ്. സഞ്ജുവിന്റെ വരവോടെ കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കിറങ്ങി. നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സാണ് നേടിയത്. ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് അഞ്ചാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ 444 റണ്‍സാണ് ഹൈദരാബാദ് ഓപ്പണര്‍ നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ ഹെഡ് 48 റണ്‍സ് നേടിയിരുന്നു. ഇന്നലെ ഡല്‍ഹിക്കെതിരെ 27 റണ്‍സ് നേടിയതോടെ റിയാന്‍ പരാഗും നില മെച്ചപ്പെടുത്തി. 11 മത്സരങ്ങള്‍ (10 ഇന്നിംഗ്സ്) കളിച്ച പരാഗ് 54.50 ശരാശരിയിലും 156.27 സ്‌ട്രൈക്ക് റേറ്റിലും 436 റണ്‍സാണ് അടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *