Your Image Description Your Image Description
Your Image Alt Text

 

മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽ​ഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാ‍ർഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.

വിദ്യാർഥിനിയുടെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്. ആൾമാറാട്ടം നടത്തിയ പെൺകുട്ടി രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ആൾമാറാട്ടത്തിന് വിദ്യാർഥിനിയെ പിടികൂടിയതായി അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെൻ്റർ ഇൻ-ചാർജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയം തോന്നാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചത്. തുടർന്നാണ് രേഖകൾ വ്യാജമാണെന്നും ആൾമാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛൻ്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതിനാൽ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാൻഡിഡേറ്റായി പരീക്ഷ എഴുതാൻ സമ്മതിച്ചത്. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. അതേസമയം, പരീക്ഷാകേന്ദ്രത്തിൽ പൊലീസ് എത്തുന്നത് കണ്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

നേരത്തെ, രാജസ്ഥാനിലെ ഭരത്പൂരിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിലായിരുന്നു. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാർത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്.

സർക്കാർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ അഭിഷേക് ഗുപ്ത, തന്‍റെ സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്‍റെ ഭാഗമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ ഗുർജർ എന്ന വിദ്യാർത്ഥിക്കായി പരീക്ഷ എഴുതാൻ 10 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. രാഹുൽ ഗുർജറെന്ന വ്യാജേനയാണ് അഭിഷേക് പരീക്ഷ എഴുതാൻ എത്തിയത്. ഹാളിലുണ്ടായിരുന്ന അധ്യാപകൻ സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസ് അഭിഷേകിനെ ചോദ്യം ചെയ്തതോടെ മറ്റ് അഞ്ച് പേരുടെ പങ്കിനെ കുറിച്ചും വിവരം ലഭിച്ചെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) അക്‍ലേഷ് കുമാർ പറഞ്ഞു. പരീക്ഷാ കേന്ദ്രമായ ആദിത്യേന്ദ്ര സ്‌കൂളിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്നു മറ്റ് അഞ്ച് പേരും. അഭിഷേക് ഗുപ്ത, രവി മീണ, രാഹുൽ ഗുർജർ എന്നിവരെ കൂടാതെ അമിത്, ദയാറാം, സൂരജ് സിംഗ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *