Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലില്‍ വീണ്ടും അമ്പയറിംഗ് വിവാദം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുയായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസൺ സിക്സ് അടിച്ച പന്തില്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അമ്പയര്‍ ഔട്ട് വിധിച്ചത് ആരാധകരെ അമ്പരപ്പിച്ചു.

ഷായ് ഹോപ്പിന്‍റെ കാല്‍ ബൗണ്ടറി ലൈനിലെ കുഷ്യനില്‍ തട്ടുന്നത് റീപ്ലേകളില്‍ വ്യക്തമായിട്ടും അമ്പയര്‍ ഔട്ട് വിധിച്ചതോടെ സഞ്ജു പ്രതിഷേധവുമായി ഫീല്‍ഡ് അമ്പയറും മലയാളിയുമായി കെ എന്‍ അനന്തപത്മനാഭന് അടുത്തെത്തി തര്‍ക്കിച്ചു. എന്നാല്‍ അമ്പയറുടെ തീരുമാനം അന്തിമമാണെന്ന നിലപാടാണ് അനന്തപദ്മനാഭന്‍ സ്വീകരിച്ചത്. ഈ സമയം ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ഗ്യാലറിയിലിരുന്ന് സഞ്ജുവിനോട് കയറിപ്പോകാന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു.

ഔട്ട് വിളിച്ച തീരുമാനത്തിനെതിരെ സഞ്ജു റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി. ഡല്‍ഹിക്കെതിരെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 46 പന്തില്‍ 86 റണ്‍സടിച്ച സഞ്ജു ഒറ്റക്ക് പൊരുതിയാണ് ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചത്.

ഓപ്പണര്‍ യശസ്വി ജയ്സ്വാളും(2 പന്തില്‍ 4) ജോസ് ബട്‌ലറും(17 പന്തില്‍ 19) റിയാന്‍ പരാഗും (22 പന്തില്‍ 27) വലിയ സ്കോര്‍ നേടാതെ പുറത്തായപ്പോള്‍ സഞ്ജുവിന്‍റെ പോരാട്ടമാണ് രാജസ്ഥാനെ ജയത്തിന് അടുത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *