Your Image Description Your Image Description
Your Image Alt Text

 

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ദിനംപ്രതി നിരവധി പേര്‍ യാത്രചെയ്യുന്ന ഒരുമനയൂര്‍ പാലംകടവ് നടപ്പാലം ഗുരുതരമായ അപകടാവസ്ഥയില്‍. ഏതു നിമിഷവും തകർന്ന് വീണ് യാത്രക്കാര്‍ക്ക് അപകടം പറ്റുന്ന വിധത്തില്‍ പാലത്തിന്‍റെ പടികള്‍ തുരുമ്പ് പിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്. യാത്രക്കാര്‍ വളരെ പ്രയാസത്തിലാണ് പടികള്‍ ചവിട്ടി കയറുന്നത്. വട്ടേക്കാട്, കറുകമാട് പ്രദേശത്തുള്ളവരെ ഒരുമനയൂരുമായി ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം. 2010 വരെ തോണിയെ മാത്രം ആശ്രയിച്ചായിരുന്നു ഇവിടത്തുകാര്‍ യാത്ര ചെയ്തിരുന്നത്.

പിന്നീട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി. മന്‍സൂര്‍ അലി, ചെയര്‍മാനും ആര്‍.പി. അഷറഫ് കണ്‍വീനറുമായി അഞ്ചു ലക്ഷം രൂപ ചെലവില്‍ നാട്ടുകാരുടെ സാമ്പത്തിക സഹകരണത്തോടെ മരപ്പാലം പണിതു. അതിന് രണ്ടുവര്‍ഷം മാത്രമേ ആയുസ് ഉണ്ടായുള്ളൂ. പിന്നീട് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റവന്യു വകുപ്പിന്റെ കീഴില്‍ പാലം പണിതത്. കെല്‍ ആണ് പണികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രളയത്തിന് ശേഷം കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ റവന്യു വകുപ്പിന് കീഴിലുള്ള പാലങ്ങളും മറ്റും ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയാറായില്ല.

അന്ന് പാലംകടവ് നടപ്പാലം ശോചനീയ വസ്ഥയിലായിരുന്നു. വലിയ സംഖ്യ അറ്റകുറ്റ പണികള്‍ക്ക് വേണ്ടിവരുന്നതിനാല്‍ പാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആഷിദ കലക്ടറെ അറിയിച്ചു. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.എ. അബൂബക്കര്‍ ഹാജി പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായുള്ള തുക ബ്ലോക്ക് പഞ്ചായത്തില്‍നിന്നും അനുവദിക്കാമെന്ന് യോഗത്തില്‍ കലക്ടറെ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അഞ്ചു ലക്ഷം രൂപ വകയിരുത്തി അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പാലമാണ് തുരുമ്പുപിടിച്ച് വീണ്ടും ദ്രവിച്ചുകൊണ്ടിരിക്കുന്നത്. മഴക്കാലം വന്നാല്‍ പാലം കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോകും. യാത്രാക്ലേശം പരിഹരിക്കാനും അടിയന്തര നടപടികള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *