Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയും ഗ്രാമീണ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വനിതാ സംരംഭകര്‍ക്ക് മൈക്രോ വായ്പകള്‍ ലഭ്യമാക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനവുമായ (എന്‍ബിഎഫ്സി-എംഎഫ്ഐ) മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (എയുഎം) 12,193.50 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏക്കാലത്തെയും ഉയര്‍ന്ന മൂല്യമാണിത്. ഈ കാലയളവില്‍ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വര്‍ദ്ധിച്ചു.

മൊത്ത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,446.34 കോടി രൂപയില്‍ നിന്നും 58.02 ശതമാനം വര്‍ധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66 ശതമാനം വര്‍ദ്ധിച്ച് 874.40 കോടി രൂപയില്‍ നിന്നും 1,361.10 കോടി രൂപയായി ഉയര്‍ന്നു. നികുതിയ്ക്ക് ശേഷമുള്ള ലാഭം 174.32 ശതമാനം വളര്‍ച്ചയോടെ 163.89 കോടി രൂപയില്‍ നിന്നും 449.58 കോടി രൂപയുമായി.

2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2.29 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2.97 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.60 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തി 0.35 ശതമാനവുമായി. ആര്‍ഒഎ ഇരട്ടിയായി വളര്‍ന്ന് 4.19 ശതമാനത്തിലെത്തി.

2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 45.80 ശതമാനം വര്‍ധിച്ച് 653.42 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 448.17 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 47.02 ശതമാനം വര്‍ധിച്ച് 272.11 കോടി രൂപയില്‍ നിന്നും 400.06 കോടി രൂപയിലെത്തി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 94.56 കോടി രൂപയില്‍ നിന്നും 26.65 ശതമാനം വര്‍ധിച്ച് 119.76 കോടി രൂപയായി.

കമ്പനി മികച്ച കോര്‍പ്പറേറ്റ് ഭരണം ഉറപ്പാക്കിക്കൊണ്ട് സ്ഥിരതയോടെയും ഉത്തരവാദിത്തത്തോടെയും വളരാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഉത്തരവാദിത്തമുള്ള എംഎഫ്ഐ എന്ന നിലയ്ക്ക് തങ്ങളുടെ ഔത്യം ലാഭത്തിനപ്പുറത്തേക്ക് വ്യാപിപ്പിച്ച് സാമൂഹ്യ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ചുകൊണ്ടുള്ളതായിരിക്കുമെന്നും മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *