Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലില്‍ സഞ്ജു സാംസണിന് കീഴില്‍ ഗംഭീര പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുക്കുന്നത്. നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട രാജസ്ഥാന്‍ എട്ട് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തു. പരാജയപ്പെട്ട രണ്ട് മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനി ഒരു ജയം കൂടി മതിയാവും രാജസ്ഥാന്. പിന്നീട് കാത്തിരിക്കേണ്ടത് ഔദ്യോഗിക സ്ഥിരീകരണത്തിന് മാത്രം.

ഇപ്പോള്‍ സഞ്ജുവിന്റെ നേതൃപാടവത്തെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. നായകനായി വിസ്മയിപ്പിക്കുകയാണ് സഞ്ജുവെന്നാണ് മുന്‍ ന്യൂസിലന്‍ഡ് പേസര്‍ കൂടിയായ ബോണ്ട് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”നായകനായി സഞ്ജു അമ്പരപ്പിക്കുകയാണ്. രസകരമായ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സഞ്ജു സാംസണ്‍. സീസണിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ഐപിഎല്‍ ഊര്‍ജം ചോര്‍ത്തിക്കളയും. എന്നാല്‍ സമര്‍ത്ഥമായി ഊര്‍ജം നിയന്ത്രിക്കാനും സമയം കണ്ടെത്താനും പഠിച്ചു. ഐപിഎല്ലില്‍ ഇതുവരെ മനോഹരമായി സഞ്ജു കളിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷം.” ബോണ്ട് വ്യക്തമാക്കി.

ഐപിഎല്‍ റണ്‍വേട്ടയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് സഞ്ജു. 10 മത്സരങ്ങള്‍ കളിച്ച സഞ്ജുവിന് 159.09 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണുള്ളത്. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ കളിക്കാനെത്തുമ്പോള്‍ സഞ്ജുവിന് വേണമെങ്കില്‍ നില മെച്ചപ്പെടുത്താം.

ഐപിഎല്ലില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് നേരത്തെ സഞ്ജു വ്യക്തമാക്കിയിരുന്നു. സഞ്ജുവിന്റെ വാക്കുകള്‍… ”ടി20 ഫോര്‍മാറ്റില്‍ വ്യക്തിഗത നേട്ടത്തിന് വേണ്ടി പ്രധാന്യം നല്‍കരുത്. ആധിപത്യം സ്ഥാപിക്കുക മാത്രമായിരിക്കണം ലക്ഷ്യം. അതിന് സാധിക്കുന്നില്ലെങ്കില്‍ പകരം വരുന്ന താരങ്ങള്‍ ആധിപത്യം കാണിക്കുമെന്ന് ഞാന്‍ കരുതും. അവര്‍ക്കും ആധിപത്യം സ്ഥാപിക്കാനായില്ലെങ്കില്‍ ടീം പരാജയപ്പെടും. ഇതിന് മറ്റൊരു ഗിയറില്ല. ആധിപത്യം സ്ഥാപിച്ചുകൊണ്ടേയിരിക്കുക. ടി20 ക്രിക്കറ്റിന് ഈ ശൈലിയാണ് ഉതകുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *