Your Image Description Your Image Description
Your Image Alt Text

മെൽബൺ: വനിതാ വിദ്യാർത്ഥിനികളെ അപമാനിക്കുന്ന രീതിയിൽ റേറ്റിംഗ് ചെയ്ത ആൺകുട്ടികൾക്കെതിരെ ശക്തമായ നടപടിയുമായി സ്കൂൾ അധികൃതർ. ഓസ്ട്രേലിയയിലെ മെൽബണിലെ റിംഗ് വുഡിലെ ഏറെ പ്രശസ്തമായ യാര വാലി ഗ്രാമർ സ്കൂളിലാണ് സഹപാഠികളായ പെൺകുട്ടികളെ അശ്ലീല രീതിയിൽ അപമാനിക്കുന്ന തരത്തിൽ രണ്ട് വിദ്യാർത്ഥികൾ തരംതിരിച്ചത്. ഈ തരംതിരിച്ചതിന്റെ സ്ക്രീൻഷോട്ട് മറ്റ് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിച്ചത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ലൈംഗിക പീഡനത്തിന് പ്രേരിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് പെൺകുട്ടികളെ തരംതിരിക്കാനായി ഉപയോഗിച്ചത്. വൈഫി, ക്യൂട്ടി, അൺറേപ്പബിൾ എന്നതടക്കമുള്ള പദങ്ങളാണ് തരംതിരിക്കലിന് ഉപയോഗിച്ചത്. ക്യാംപസിലെ ഏതാനും വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ തരംതിരിക്കൽ പട്ടികയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വലിയ രീതിയിൽ സഹപാഠികളെ അപമാനിക്കുന്നതാണ് വിദ്യാർത്ഥികളുടെ പ്രവർത്തിയെന്നാണ് സ്കൂൾ മാനേജ്മെന്റ് വിശദമാക്കുന്നത്. ഇത്തരം പ്രവർത്തികൾ സ്കൂളിന് താങ്ങാനാവില്ലെന്ന് വ്യക്തമാക്കിയാണ് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയത്. ഓൺലൈനിലൂടെ വിദ്യാർത്ഥിനികളെ അപമാനിക്കാനുള്ള ക്രൂരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പട്ടികയെന്നാണ് വിലയിരുത്തൽ.

കുട്ടികളെ പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വിവരം പൊലീസിലും സ്കൂൾ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കിയത്. ലിംഗ വിവേചനവും സ്ത്രീ വിരുദ്ധതയും സ്കൂളിൽ വച്ചുപൊറുപ്പിക്കിനാവില്ലെന്നാണ് വിദ്യാർത്ഥികളെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പിൽ സ്കൂൾ അധികൃതർ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *