Your Image Description Your Image Description
Your Image Alt Text

 

കിഴക്കന്‍ ചൈനയിലെ ഹുവൈനാൻ നഗരത്തിലെ അൻഹുയി പ്രവിശ്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അത്യാഡംബരമായി അലങ്കരിക്കപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഒരു ശവകുടീരം കണ്ടെത്തി. ശവകുടീരം അക്കാലത്തെ ഏറ്റവും ഉയർന്ന റാങ്ക് ഉണ്ടായിരുന്ന ഒരു വ്യക്തിയുടെതാണെന്ന് കരുതുന്നു. അതേ സമയം ഇത്രയും വലിയതും സങ്കീര്‍ണ്ണവും ആഡംബരമുള്ളതുമായ ഒരു ശവകുടീരം ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ലെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. ചൈനയുടെ പുരാതന കാലഘട്ടത്തില്‍ ചു പ്രദേശം ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തിയുടേതാകാം ശവകുടീരമെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

പൌരാണിക ചൈനയില്‍ ക്വിൻ, ഹാൻ, വെയ്, ഷാവോ, ക്വി, യാൻ എന്നീ രാജ്യങ്ങളോടൊപ്പം യുദ്ധം ചെയ്തിരുന്ന ഏഴ് പ്രദേശിക ഭരണകൂടങ്ങളില്‍ ഒന്നാണ് ചു. ഈ ഏഴ് രാജ്യങ്ങളുടെ ഏകീകരണമാണ് ആധുനിക ചൈനയുടെ തുടക്കം കുറിച്ചത്. ഹുവൈനാൻ നഗരത്തിലെ അൻഹുയി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഏതാണ്ട് 2,200 വർഷം പഴക്കമുള്ള വുവാങ്‌ഡൂൺ ശവകുടീരത്തില്‍ പ്രതിമകൾ, സംഗീതോപകരണങ്ങൾ, വെങ്കല വസ്തുക്കൾ, ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ, ലാക്വർവെയർ ആർട്ടിഫാക്‌റ്റുകൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് പുരാവസ്തുക്കൾ ഈ ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. അൻഹുയി പ്രവിശ്യയിലെ ഏറ്റവും വലിയ പുരാവസ്തു ഖനനപ്രദേശങ്ങളിലൊന്നായ വുവാങ്‌ഡൂണില്‍ നിന്നാണ് ശവകുടീരം കണ്ടെത്തിയത്.

1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു പുരാതന സെമിത്തേരിയില്‍ നടത്തിയ ഖനനമാണ് ഈ കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. ശവകുടീരത്തില്‍ ഒരു രഥവും നിരവധി ബലിക്കുഴികളും സെമിത്തേരിയുടെ അവകാശിയെന്ന് കരുതുന്നയാളുടെ ശവകുടീരവും ഗവേഷകര്‍ കണ്ടെത്തി. കാര്‍ബണ്‍ഡേറ്റിംഗില്‍ ലഭിച്ച വസ്തുക്കള്‍ക്ക് 220 ബിസിയോളം പഴക്കമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പുരാതന ചു രാജ്യത്തിന്‍റെ അധീന പ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ശവകൂടീരമാണ് ഇത്. ശവകുടീരത്തിന്‍റെ വലിപ്പത്തിലും സങ്കീര്‍ണ്ണമായ ഘടനയിലും അതിന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന വസ്തുക്കളുടെ വിലയുടെ അടിസ്ഥാനത്തിലും കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ശവകുടീരമായി പുരാവസ്തു ഗവേഷകര്‍ ഈ ശവകുടീരത്തെ കണക്കാക്കുന്നു.

രാജ്യത്തെ ചക്രവര്‍ത്തിയുടെ ശവകുടീരമാകാം ഇതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ശവകുടീരത്തിന്‍റെ വലിപ്പത്തിലും ചരിത്ര രേഖകളും അനുസരിച്ച്, ശവകുടീരത്തിന്‍റെ ഉടമ കവോലി രാജാവാകാമെന്ന് കരുതുന്നു. അതേസമയം ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. ശവകുടീരം ഇതിനകം പല തവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നും വിലയേറിയ പലതും ശവകുടീരത്തില്‍ നിന്നും ഇതിനകം പുറത്ത് പോയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 2019 ലാണ് ഈ ശവകുടീരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അൻഹുയി പ്രവിശ്യയിലെ പുരാവസ്തു വിഭാഗം അനുമതി നല്‍കിയത്. ചൈനീസ് പുരാതനാഗരിതയുടെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിന് പുരാവസ്തു ഗവേഷണത്തെ ഉപയോഗിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് കീഴിലാണ് ഇന്ന് ഈ ശവകുടീരവും.

Leave a Reply

Your email address will not be published. Required fields are marked *