Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ്‌ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണം. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത്‌ വരണമെന്നും ‌ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു.

പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും അതാത് മുന്നണികള്‍ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും തന്നെ ഈ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും. ഉടനടി എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആവശ്യമായ നിർദേശം പ്രവർത്തകർക്ക് നൽകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിൽ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കും ചെയ്യാവുന്നതാണ്. തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മത്സരിച്ചാണ് മുന്നണികള്‍ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ ബോർഡുകളെല്ലാം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകളുടെ നേതൃത്വമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *