Your Image Description Your Image Description
Your Image Alt Text

 

കൊച്ചി:ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ 16 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ നിഷേധമാണെന്നു ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിര്‍ണായക നിരീക്ഷണം.

19കാരനായ സുഹൃത്തില്‍ നിന്നാണു പെൺകുട്ടി ഗർഭിണിയായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. അതിനാലാണ് മകളുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹേതര ബന്ധത്തിലോ പ്രത്യേകിച്ചു ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭിണി ആയാൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ പ്രയാസമാണെന്ന് കോടതി പറഞ്ഞു. ഗർഭിണിയായി തുടരുന്നത് പെൺകുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *