Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നവ കേരള സദസ് യാത്രയ്ക്ക് ഉപയോഗിച്ച ബസ്, ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടരുന്നു. കന്നിയാത്രയില്‍ റൂട്ടിലെ ആദ്യ സ്റ്റോപ്പായ താമരശ്ശേരിയില്‍ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബസിലെ ജീവനക്കാരെ പൂച്ചെണ്ട് നല്‍കിയാണ് താമരശ്ശേരി സൗഹൃദവേദി സ്വീകരിച്ചത്. 5.15ഓടെയാണ് ബസ് താമരശ്ശേരിയില്‍ എത്തിച്ചേര്‍ന്നത്.

താമരശ്ശേരി സൗഹൃദവേദി പ്രവര്‍ത്തകരായ കെ.വി സെബാസ്റ്റ്യന്‍, പി.സി റഹീം, പി.എം അബ്ദുല്‍ മജീദ്, റജി ജോസഫ്, എ.സി ഗഫൂര്‍, പി. ഉല്ലാസ് കുമാര്‍, എല്‍.വി ഷെരീഫ്, എസ്.വി സുമേഷ്, ലിജിന സുമേഷ്, ഷൈന്‍, മജീദ് താമരശ്ശേരി, സി.കെ നൗഷാദ് തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

ഏറെ ചര്‍ച്ചയായ നവ കേരള ബസ് ഇന്ന് മുതലാണ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്‌ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.5ന് കോഴിക്കോട് എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *