Your Image Description Your Image Description
Your Image Alt Text

 

ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാന്‍കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകള്‍) വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ടെസ്റ്റിനിടെ വാഹനം ഓടിക്കുന്നയാള്‍ എന്തെങ്കിലും പിഴവ് വരുത്തിയാല്‍ ഇരട്ട നിയന്ത്രണമുള്ളതാണെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വാഹനം നിയന്ത്രിക്കാനാവും. ഇത്തരം വാഹനം ഒഴിവാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയരുന്നുമുണ്ട്. നല്ലരീതിയില്‍ ഡ്രൈവിങ് പരിശീലിച്ചവരാണെങ്കിലും ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളപ്പോള്‍ പരിഭ്രമിച്ച് അബദ്ധം കാണിക്കാറുണ്ട്.

ചില ജില്ലകളില്‍ റോഡ് ടെസ്റ്റുകളില്‍ വിജയിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെടുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ക്ലച്ച് നിയന്ത്രിച്ചാല്‍ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഈ ക്രമക്കേട് തടയാനാണ് പുതിയ നീക്കമെന്നാണ് പറയുന്നത്.

ഡ്രൈവിങ് സ്‌കൂളുകാരെ സംബന്ധിച്ചിടത്തോളം ടെസ്റ്റിനായി മറ്റൊരു വാഹനം വാങ്ങേണ്ടിവരുമെന്നത് അധികബാധ്യതയാണ്. ഡ്രൈവിങ് ടെസ്റ്റിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ അന്നേദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതും വിലക്കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *