Your Image Description Your Image Description
Your Image Alt Text

 

 

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. പൂന്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറിയിരുന്നു. തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. പിന്നീട് കടൽ ശാന്തമാവുകയായിരുന്നു. അതേസമയം, നിലവിൽ ജില്ലയിൽ ഒരിടത്തും കടലാക്രമണം ഉള്ളതായി റിപ്പോർട്ട്‌ ഇല്ലെന്നു കലക്ടറേറ്റിലെ കൺട്രോൾ റൂം അറിയിച്ചു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു. ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പൊതുജനം കർശനമായി പാലിക്കണം. യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കൻ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് നിലനിൽക്കുകയാണ്. തെക്കൻ തമിഴ്നാട് തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *