Your Image Description Your Image Description
Your Image Alt Text

 

ഹൈദരാബാദ്: വിവാദവും പ്രതിഷേധവും ശക്തമായതോടെ എച്ച്സിയുവിലെ ദളിത് വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യാക്കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച് തെലങ്കാന സർക്കാർ. നേരത്തേ കേസവസാനിപ്പിച്ച് കോടതിയിൽ നൽകിയ റിപ്പോർട്ട് തള്ളണമെന്ന് കാട്ടി കോടതിയിൽ അപേക്ഷ നൽകുമെന്ന് തെലങ്കാന ഡിജിപി രവി ഗുപ്ത വ്യക്തമാക്കി. കേസിൽ നീതിയുക്തമായ അന്വേഷണം തേടി രോഹിതിന്‍റെ അമ്മ രാധിക വെമുല തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു.

എസ്‍സി, എസ്‍ടി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാ‍ർത്ഥികൾക്ക് ആത്മാഭിമാനത്തോടെ, വിദ്യാഭ്യാസം പൂർത്തിയാക്കാനും ജാതി സെൻസസ് പ്രകാരം സംവരണാവകാശങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് രോഹിത് വെമുല ആക്ട് നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷത്തെ പ്ലീനറിയിൽ വാഗ്ദാനം ചെയ്തതാണ് കോൺഗ്രസ്. ആ കോൺഗ്രസ് സർക്കാർ ഭരിക്കുന്ന തെലങ്കാനയിൽ രോഹിതിന്‍റെ ആത്മഹത്യാക്കേസ് പ്രതികളെയെല്ലാം വെറുതെ വിടാൻ ശുപാർശ ചെയ്ത് പൊലീസ് അവസാനിപ്പിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപി തന്നെ നേരിട്ടെത്തി കേസിൽ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുന്നത്.

അന്വേഷണസംഘത്തിന് നേതൃത്വം നൽകിയ മാധാപൂർ എസിപി കേസവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് തയ്യാറാക്കിയത് 202-ലാണ്. അത് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രോഹിത് ദളിത് വിഭാഗത്തിൽപ്പെട്ടയാളല്ല എന്നതടക്കം ആ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. ഈ റിപ്പോ‍ർട്ട് തള്ളണമെന്നും കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കാട്ടി തെലങ്കാന ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഡിജിപി രവി ഗുപ്ത വ്യക്തമാക്കി.

നീതിയുക്തമായ അന്വേഷണം കേസിൽ വേണമെന്നും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്‍റെ പേരിൽ കേസുകളിൽ പ്രതിയായ പിഎച്ച്ഡി ബിരുദധാരികളായ രോഹിതിന്‍റെ സുഹൃത്തുക്കൾക്ക് പോലും ജോലി കിട്ടുന്നില്ലെന്നും ഇടപെടണമെന്നും കാട്ടി രോഹിതിന്‍റെ അമ്മ രാധിക വെമുല തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പ്രജാഭവനിൽ എത്തി കണ്ടു. രോഹിതിന്‍റെ അമ്മ രാധിക ഉന്നയിച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂർവം തന്നെ പരിഗണിക്കുമെന്ന് രേവന്ത് റെഡ്ഡി പിന്നീട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *