Your Image Description Your Image Description
Your Image Alt Text

 

മുംബൈ: നടി ജ്യോതിക വോട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട ഉത്തരം സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നു. മുംബൈയില്‍ ജ്യോതിക അഭിനയിക്കുന്ന ശ്രീകാന്ത് എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. രാജ് കുമാര്‍ റാവു നായകനാകുന്ന ശ്രീകാന്തില്‍ ജ്യോതികയും ആലിയ എഫും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചെന്നൈയില്‍ ഭര്‍ത്താവ് സൂര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് ജ്യോതികയുടെ വോട്ട്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 19ന് തമിഴ്നാട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വോട്ട് ചെയ്യാന്‍ ജ്യോതിക എത്തിയിരുന്നില്ല. സൂര്യയും മറ്റ് കുടുംബ അംഗങ്ങളും വോട്ട് ചെയ്തിരുന്നു. ഇത് അന്ന് വാര്‍ത്തയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ജ്യോതിക മുംബൈയില്‍ ഉത്തരം നല്‍കിയത്. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു ചോദ്യം. എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്ന് ആദ്യം പറഞ്ഞ ജ്യോതിക എല്ലാ അഞ്ച് വര്‍ഷത്തിലും വോട്ട് ചെയ്യാറുണ്ടെന്ന് പിന്നീട് തിരുത്തി.

ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലികാരണം മാറിനില്‍ക്കുന്നതാകാം, അസുഖമായിരിക്കാം ഇതെല്ലാം വ്യക്തിപരമായ കാരണങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനിലൂടെ അവസരം ഉണ്ടല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്.

ഇതില്‍ ‘ഓണ്‍ലൈന്‍ അവസരം’ എന്താണ് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളായും മറ്റും ചോദിക്കുന്നത്. നമ്മള്‍ അറിയാതെ ഇവര്‍ക്ക് പ്രത്യേക സംവിധാനം ഉണ്ടോയെന്നാണ് ചിലരുടെ ചോദ്യം. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ജ്യോതികയുടെ പരാമര്‍ശത്തില്‍ എക്സിലും മറ്റും ഉയരുന്നത്.

അതേ സമയം ഇത്തരത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം നല്ലതല്ലെ എന്നായിരിക്കും ജ്യോതിക ഉദ്ദേശിച്ചത് എന്നാണ് നടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡ് അവസരങ്ങളാലും അമ്മയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് നടി ജ്യോതിക മുംബൈയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *