Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ പതിമൂന്നാം രക്ത സാക്ഷിത്വദിനം ഇന്ന്. കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയാക്കി. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും.

മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മേൽ ആഴത്തിൽ പതിച്ച 51 വെട്ടുകൾക്ക് ഇന്ന് 13 വയസ്. പകയും അസഹിഷ്ണുതയും രാഷ്ട്രീയന്ധതയും ഒരുമിച്ച ടിപി വധത്തോളം കേരളത്തെ കുലുക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകം ഇല്ലെന്നുതന്നെ പറയാം. ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ കരുത്തനാണ് മരിച്ച ടിപി എന്ന വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു രാഷ്ട്രീയ രംഗത്തെ കഴിഞ്ഞകാല കാഴ്ചകൾ. വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉൾപ്പെടുത്തി ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തമാണ് ഇക്കുറി ടിപി വിഷയത്തെ കൂടുതൽ ചർച്ചയാക്കിയത്. കോടതി വിധി വന്നതാകട്ടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം പട്ടിക പുറത്തിറക്കിയ അതേ ദിവസം തന്നെയും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ടിപി കേസ് വീണ്ടും ചർച്ചയായി. ആർഎംപിയുടെ രൂപീകരണ ശേഷം കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ വടകരയിൽ സിപിഎം കെ കെ ശൈലജയ്ക്ക് ആദ്യം നേരിടേണ്ടി വന്നതും ടിപിയുടെ രാഷ്ട്രീയമുയർത്തിയ വെല്ലുവിളി തന്നെ. വടകരയിലെ യഥാർത്ഥ ടീച്ചറമ്മ ആരെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചോദ്യം ടിപിയെ കൂടുതല്‍ ചര്‍ച്ചയാക്കി.

വിചാരണ കോടതി വിട്ടയച്ച ജ്യോതി ബാബുവിനെയും കൃഷ്ണനെയും കുറ്റക്കാരൻ എന്ന കണ്ടെത്തി ഹൈക്കോടതി ശിക്ഷാവിധിച്ചത് ടിപി വധ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാവശ്യത്തിന് ശക്തി പകർന്നിട്ടുണ്ട്. ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *