Your Image Description Your Image Description
Your Image Alt Text

 

ബെം​ഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഉള്ളത് ഗുരുതരമായ ആരോപണങ്ങൾ. ‘പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി’യെന്നാണ് പരാതിയിൽ പറയുന്നത്. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പരാതി നൽകിയത്.

പ്രജ്വൽ തോക്ക് ചൂണ്ടി പീഡിപ്പിച്ചു. 3 വർഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് 3 വർഷത്തോളം പീഡനം തുടർന്നു. 2021 മുതൽ പീഡനം തുടരുകയായിരുന്നെന്നും പരാതി നൽകാൻ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ അമ്മ ഭവാനിക്ക് എംഎൽഎ ആയി മത്സരിക്കാൻ അവസരം നഷ്ടമായത് ഭർത്താവ് കാരണമാണെന്നും പറയുന്നത് കേട്ട് ജീവിച്ചാൽ ഭർത്താവിനെ കൊല്ലില്ല എന്ന് പ്രജ്വൽ പറഞ്ഞതായും യുവതി പറഞ്ഞു. ഹാസനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നിൽ ആണ് യുവതി ജോലി ചെയ്യുന്നത്.

അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചത്. പ്രജ്വൽ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം. തിരിച്ചെത്താൻ ടിക്കറ്റ് ബുക്ക്‌ ചെയ്‌തെന്നും സൂചനയുണ്ട്.

അതേ സമയം, ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എംഎൽഎ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമൻസയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വൽ രേവണ്ണയ്ക്കും അച്ഛൻ രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമൻസയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീല വീഡിയോകളിൽ വിശദീകരണം നൽകണമെന്നും സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിലേക്ക് പോയ പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതിൽ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് എഡിജിപി ബികെ സിംഗിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം. ഫ്രാങ്ക്ഫർട്ടിൽ വിമാനമിറങ്ങിയെന്നല്ലാതെ അവിടെ നിന്ന് പ്രജ്വൽ എങ്ങോട്ട് പോയി എന്നതടക്കമുള്ള കാര്യത്തിൽ ഇത് വരെ പൊലീസിന് ഒരു വിവരവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *