Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ 43 വയസുകാരിയിൽ നിന്നാണ് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്.

36 സെന്റീമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയുമുള്ള ഗർഭാശയമുഴ 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കായെത്തിയത്. വീർത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അൾട്രാസൗണ്ട്, എം.ആർ.ഐ. സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളിൽ ഗർഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാൽ അതീവ സങ്കീർണമായിരുന്നു ശസ്ത്രക്രിയ.

രക്തസ്രാവം ഉണ്ടാകാതിരിക്കാൻ ഗർഭാശയത്തിലേക്കുള്ള രക്തക്കുഴലുകൾ ശസ്ത്രക്രിയയുടെ തുടക്കത്തിൽ തന്നെ തുന്നിച്ചേർത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നൽകേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു.
ഗൈനക്കോളജി വിഭാഗം കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. അമ്മു മോഹൻ, ഡോ. ഐശ്വര്യ ഗൗതം, ഡോ. അഞ്ജന, അനസ്ത്യേഷ്യാ വിഭാഗം ഡോ. ബിനു സാജിദ്, ഡോ. സോനു എസ്.എ., സ്റ്റാഫ് നഴ്സ് സരിത സി.എസ്., സിജിമോൾ ജോർജ്. നഴ്സിംഗ് അസിസ്റ്റന്റ് അശോകൻ വി.കെ. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഗൈനേക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രൻ ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *